Mon. Dec 23rd, 2024

പാലക്കാട് :

നഗരത്തിലെ ഗതാഗതകുരുക്ക്‌ പരിഹരിക്കുന്നതിന്‌ അനധികൃത പാർക്കിങ്‌ തടയാൻ ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ്. ഇതിന്റെ ഭാഗമായി ബുധനാഴ്ച പാലക്കാട്‌ നഗരത്തിൽ അനധികൃത പാർക്കിങ്‌ നിർമാർജന യജ്‌ഞം നടത്തി. 

അഞ്ചുവിളക്കിന് സമീപം പാലക്കാട് ഡിവൈഎസ‍്പി പി ശശികുമാർ ഉദ്‌ഘാടനം ചെയ്തു. ടൗൺ സൗത്ത് ഇൻസ്‌പെക്ടർ ടി ഷിജു എബ്രഹാം സംസാരിച്ചു. ട്രാഫിക് എസ്‌ഐ എം ഹംസയുടെ നേതൃത്വത്തിൽ രാവിലെ 9.30 മുതൽ രണ്ടുമണിക്കൂർ ഇരുപത്തഞ്ചോളം പൊലീസ് ഉദ്യോഗസ്ഥർ കോട്ടമൈതാനം മുതൽ താരേക്കാട് വരെ വിവിധ സ്ഥലങ്ങളിൽ പരിശോധിച്ചു.

16 പേരിൽ നിന്ന് പിഴയീടാക്കി. പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു. അമൃത് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്കായി പല ഭാഗങ്ങളിലും റോഡുകൾ പൊളിച്ചിട്ടത്‌ പാർക്കിങ്ങിന്  ബുദ്ധിമുട്ടാവുകയാണ്‌. പാർക്കിങ്ങിന് സൗകര്യമൊരുക്കാൻ നഗരസഭ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

By Rathi N