Fri. Nov 22nd, 2024
കൊല്ലം:

യുവ മലയാളി ഗവേഷകന് 1.62 കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്. യുകെയിലെ വെൽകം ട്രസ്റ്റ് എന്ന രാജ്യാന്തര സംഘടനയുടെ ഏർലി കരിയർ ഫെലോഷിപ്പിന് ശാസ്താംകോട്ട വേങ്ങ കൊച്ചുമാമ്പുഴ അരവിന്ദ ഭവനത്തിൽ ഡോ അജിത് കുമാർ അർഹനായി. ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് മോളിക്യൂലർ ബയോഫിസിക്സ് വിഭാഗത്തിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയി ജോലി ചെയ്യുന്ന ഇദ്ദേഹം അരവിന്ദാക്ഷൻ പിള്ളയുടെയും ലൈലാ കുമാരിയുടെയും മകനാണ്.

ഏകദേശം ഒരു വർഷം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഇന്ത്യയിൽ നിന്നുള്ള പത്തിൽത്താഴെ ഗവേഷകർക്കു മാത്രം ലഭിക്കുന്ന ബഹുമതിയാണിത്. കൃത്രിമമായി ജനിതക മാറ്റം വരുത്തുവാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ തന്മാത്രകളിൽ അറ്റോമിക് തലത്തിലുള്ള പഠനത്തിലൂടെ അവയെ വൈദ്യ ശാസ്ത്രരംഗത്തെ ഉപയോഗത്തിന് പ്രാപ്തമാക്കുന്ന ഗവേഷണ പ്രബന്ധമാണ് അഞ്ചു വർഷത്തെ ഫെലോഷിപ്പിനു അർഹമായത്. ജനിതക രോഗങ്ങളെ ചികിത്സിക്കുക, ജനിതക വ്യതിയാനങ്ങളെ കണ്ടെത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഗവേഷണത്തിന്റെ കാതൽ.

അമേരിക്കയിലെ ഹാർവഡ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെയാണ് ഗവേഷണം. സ്വതന്ത്ര ഗവേഷണത്തിലേക്ക് കടക്കുന്നവർക്കുള്ളതാണ് ഏർലി കരിയർ ഫെലോഷിപ്. ‘‘ഫെലോഷിപ് വിശാലമായൊരു പുതിയ ലോകത്തേക്കാണ് വഴിതുറക്കുന്നത്. പ്രാഥമിക ജോലികൾ തുടങ്ങിക്കഴിഞ്ഞു. അടുത്തവർഷം ജനുവരിയിലാണ് പോജക്ട് ആരംഭിക്കുക. വിദേശ ലാബുകളിലെ ഗവേഷണങ്ങളിൽ പ്രവർത്തിക്കാൻ കഴിയുകയെന്നുള്ളതും പ്രധാനമാണ്’’–അജിത് പറയുന്നു.

തേവലക്കര ബോയ്സ് ഹൈസ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം. ബിരുദം: ഗവ: കോളജ് കാര്യവട്ടം( ബയോടെക്നോളജി) ബിരുദാനന്തര ബിരുദം: കുസാറ്റ് (മറൈൻ ബയോളജി). ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബയോ കെമിസ്ട്രിയിലാണ് പിഎച്ച്ഡി നേടിയത്. ആതിരയാണ് ഭാര്യ. മകൻ വിവാൻ.

By Divya