Mon. Dec 23rd, 2024
മൂന്നാർ:

ഉച്ചഭക്ഷണം നിർത്തലാക്കുകയും പകരം, കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ കിറ്റിൽ നൽകാൻ തുടങ്ങുകയും ചെയ്തതോടെ ഇടമലക്കുടിയിലെ സർക്കാർ വിദ്യാലയത്തിൽ അധ്യയനവും ഉച്ചവരെയായി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചിട്ടതോടെയാണ് സ്കൂളിലെ ഉച്ചഭക്ഷണത്തിനു പകരം കുട്ടികൾക്ക് ഭക്ഷ്യക്കിറ്റ് നൽകാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ കോവിഡ് ഭീഷണി ഇല്ലാത്തതിനാൽ ഇടമലക്കുടി സർക്കാർ എൽപി സ്കൂൾ ഈ അധ്യയന വർഷം തുറന്നു പ്രവർത്തിക്കുന്നുണ്ട്.

ഇടയ്ക്ക് രണ്ടാഴ്ച അടച്ചിട്ടെങ്കിലും തിങ്കളാഴ്ച പ്രവർത്തനം പുനരാരംഭിച്ചു. ഉച്ചഭക്ഷണം നൽകുന്നതിനു പകരം കിറ്റ് നൽകുന്നതിനാൽ സ്കൂളിൽ പാചകം ചെയ്യുന്നതിനുള്ള അലവൻസും പാചകക്കാരും ഇല്ലാതായി. ഇടമലക്കുടിയിലെ കുട്ടികൾ വീട്ടിൽ നിന്നു ഭക്ഷണം സ്കൂളിൽ കൊണ്ടുവരാറില്ല.

ഇവിടെ ആദിവാസി കുടുംബങ്ങളിൽ രാവിലെയും വൈകിട്ടും മാത്രമാണ് ഭക്ഷണമുള്ളത്. എന്നാൽ കുട്ടികൾക്ക് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കിട്ടിയിരുന്നതിനാൽ അവർക്കത് ശീലമായി. പക്ഷേ, ഇപ്പോൾ ഉച്ചഭക്ഷണം കൊടുക്കാൻ കഴിയാത്തതിനാൽ സ്കൂളിന്റെ പ്രവർത്തനം ഉച്ച വരെയാക്കി ചുരുക്കിയിരിക്കുകയാണ്.

135 കുട്ടികളാണ് ഇവിടെയുള്ളത്. ഇതിൽ 100 കുട്ടികൾ പതിവായി ക്ലാസിൽ എത്തുന്നതായി പ്രധാനാധ്യാപകൻ പറയുന്നു. 10 മുതൽ 11.15 വരെയും 11.30 മുതൽ 12.50 വരെയുമാണ് 2 ഷിഫ്റ്റുകൾ. വിദൂര ഊരുകളിൽ നിന്ന് കിലോമീറ്ററുകൾ നടന്നാണ് പല കുട്ടികളും എത്തുന്നത്. മുൻപ് ഇവിടെ കുട്ടികൾക്ക് പ്രാതലും നൽകിയിരുന്നു.

By Divya