Wed. Jan 22nd, 2025

മൂവാറ്റുപുഴ :

ലോട്ടറി വിൽപനക്കാരിയായ വീട്ടമ്മയിൽ നിന്നും നമ്പർ തിരുത്തിയ ലോട്ടറി നൽകി പണവും ലോട്ടറി ടിക്കറ്റുകളും തട്ടിയെടുത്തു. വാളകം കുന്നയ്ക്കാൽ വെൺമേനി വീട്ടിൽ കനകമ്മ ശങ്കരനെയാണ് നമ്പർ തിരുത്തിയ ലോട്ടറി ടിക്കറ്റ് നൽകി അയ്യായിരം രൂപ തട്ടിച്ചത്. 2500 രൂപയും 2500 രൂപയുടെ ടിക്കറ്റും ആണ് തട്ടിയെടുത്തത്.

23ന് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറിയുടെ ടിക്കറ്റിലാണ് തിരുത്തൽ വരുത്തി നൽകിയത്. 778971 എന്ന നമ്പർ ലോട്ടറിക്ക് 5000രൂപയുടെ സമ്മാനം അടിച്ചിരുന്നു. എന്നാൽ 778974 നമ്പറിലുള്ള ലോട്ടറിയുടെ അവസാനത്തെ 4 ചുരണ്ടി 1 ആക്കി തിരുത്തിയാണ് തട്ടിപ്പു നടത്തിയത്.

ചൊവ്വാഴ്ച പെരുവംമൂഴിയിൽ ലോട്ടറി വിൽക്കുകയായിരുന്ന കനകമ്മയെ സമീപിച്ചയാൾ അയ്യായിരം രൂപ ലോട്ടറി അടിച്ചിട്ടുണ്ടെന്നും സമ്മാന തുകയുടെ പകുതി പണമായും പകുതി തുകയുള്ള ലോട്ടറിയായും തന്നാൽ മതിയെന്നു പറയുകയായിരുന്നു. 2500 രൂപയ്ക്ക് ലോട്ടറി എടുക്കാമെന്നു കൂടി പറഞ്ഞതോടെ ഇവർ ടിക്കറ്റ് വാങ്ങി പണവും ലോട്ടറിയുo നൽകുകയായിരുന്നു.

നിർധന കുടുംബത്തിൽ പെട്ട ഇവർ പെരുവംമൂഴി, കോലഞ്ചേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കാൽനടയായി സഞ്ചരിച്ചാണ് ലോട്ടറി വിൽപന നടത്തുന്നത്.

By Rathi N