പനമരം:
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച റോഡ് നിർമാണത്തിൽ അഴിമതിയും അശാസ്ത്രീയതയെന്നും നാട്ടുകാർ. പഞ്ചായത്ത് ഒന്നാം വാർഡ് കുണ്ടാല അട്ടച്ചിറ ടണൽ റോഡ് കോൺക്രീറ്റ് ചെയ്തതിലാണ് അഴിമതി ആരോപണം ഉയരുന്നത്. 5 മാസം മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി അശാസ്ത്രീയമായി നിർമിച്ച റോഡിൽ വെള്ളം കെട്ടിക്കിടന്നു പ്രദേശവാസികൾക്ക് ദുരിതമേറി.
മഴ പെയ്യുമ്പോൾ കെട്ടിക്കിടക്കുന്ന മലിനജലം സമീപത്തെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയിറങ്ങുകയാണ്.വൈദ്യുതി പോസ്റ്റ് പോലും മാറ്റി സ്ഥാപിക്കാതെ റോഡിന് നടുവിലായി പോസ്റ്റ് നില നിർത്തിയാണ് റോഡ് നിർമിച്ചത്. മഴയിൽ മുട്ടൊപ്പം വെള്ളക്കെട്ടായ റോഡിലൂടെ കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയാണുള്ളത് റോഡ് നിർമാണത്തിനെതിരെയുള്ള പരാതിയുമായി നാട്ടുകാർ രംഗത്തിറങ്ങിയപ്പോൾ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടും പുറത്തായി.
തൊഴിലെടുക്കാത്തവരുടെ പേരിൽ പോലും അവർ അറിയാതെ വ്യാജ ഒപ്പിട്ട് പണി നടത്തിയതായി രേഖ ഉണ്ടാക്കിയെന്നും പണി എടുക്കാത്തവരുടെ അക്കൗണ്ടിലേക്കു പണം കയറിയിട്ടുണ്ടെന്നും വിവരാവകാശ പ്രകാരം ലഭിച്ച രേഖയിലുണ്ടെന്നുമാണ് ആരോപണം. പഞ്ചായത്തംഗത്തിന്റെ അറിവോടെയാണ് ക്രമക്കേട് നടത്തിയതെന്നും പഞ്ചായത്തംഗം രാജിവയ്ക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നിർമിച്ച കുണ്ടാല – അട്ടച്ചിറ ടണൽ റോഡ് നിർമാണത്തിലെ അഴിമതിയും ക്രമക്കേടും വിജിലൻസ് അടക്കമുള്ളവർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കുണ്ടാല ബ്രാഞ്ച് കമ്മിറ്റി രംഗത്ത്.
തൊഴിലെടുക്കാത്തവരുടെ പേരിൽ വ്യാജ ഒപ്പിട്ടു തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തിയത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും പഞ്ചായത്തംഗം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തിറങ്ങുമെന്ന് എസ്ഡിപിഐ ഭാരവാഹികളായ ടി അനസ്, കെ കെ സഹദ് എന്നിവർ അറിയിച്ചു.