Fri. Nov 22nd, 2024

ആലപ്പുഴ:

യോഗ്യതയില്ലാതെ അഭിഭാഷകവൃത്തി നടത്തിയെന്ന കേസിലെ പ്രതി സെസി സേവ്യർ ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസെടുത്തതിനെ തുടർന്ന് ഒളിവിൽപോയ സെസി കഴിഞ്ഞ ദിവസം ആലപ്പുഴ കോടതിയിൽ ഹാജരാകാൻ എത്തിയെങ്കിലും ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പൊലീസ് ചേർത്തിട്ടുണ്ടെന്നറിഞ്ഞ് സ്ഥലംവിട്ടിരുന്നു.

ഇതിനിടെ, അഭിഭാഷകർക്കാകെ ചീത്തപ്പേരുണ്ടാക്കിയ വിഷയത്തിൽ ഹൈക്കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെ 3 അഭിഭാഷകർ ഹൈക്കോടതി റജിസ്ട്രാർക്ക് കത്തു നൽകി. സെസിയെ കണ്ടെത്താനുള്ള പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ല. ഇവർ നാട്ടിൽത്തന്നെയുണ്ടെന്ന് അഭിഭാഷകർക്കിടയിൽ സംസാരമുണ്ടെങ്കിലും അത്തരം വിവരങ്ങളൊന്നും അഭിഭാഷകരിൽനിന്നു ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ബാർ അസോസിയേഷൻ ഭാരവാഹികളെയും നിർവാഹകസമിതി അംഗങ്ങളെയും കണ്ട് അന്വേഷണ ഉദ്യോഗസ്ഥർ വിവരം തേടിയെങ്കിലും അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകർ‍ പറയുന്നു. സെസി സേവ്യർ അഭിഭാഷക യോഗ്യത നേടിയിട്ടില്ലെന്ന ഊമക്കത്ത് ബാർ അസോസിയേഷനു ലഭിച്ചത് 15–ാം തീയതിയാണ്. സെസിക്ക് നോട്ടിസ് നൽകാൻ പിറ്റേന്ന് ബാർ അസോസിയേഷൻ തീരുമാനിച്ചു.

24 മണിക്കൂറിനുള്ളിൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും 18 വരെ മറുപടി ലഭിച്ചില്ല. തുടർന്ന് സെസിയെ അസോസിയേഷൻ അംഗത്വത്തിൽനിന്നു പുറത്താക്കുകയും നോർത്ത് പൊലീസിൽ പരാതി നൽകുകയും ചെയ്തു.അസോസിയേഷൻ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

ഇവരുടെ രാമങ്കരിയിലെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് രേഖകൾ പിടിച്ചെടുത്തിരുന്നു. മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് സർട്ടിഫിക്കറ്റിന്റെ പകർപ്പാണിത്. അതിലെ നമ്പറാണ് സെസി ബാർ അസോസിയേഷൻ അംഗത്വത്തിനായി നൽകിയത്.

കോടതിയിൽ നിന്ന് അഭിഭാഷക കമ്മിഷനായി പോയതിന്റെയും പോക്സോ കോടതിയിൽ നിയമസഹായത്തിന്റെ ഭാഗമായി പ്രതിക്കുവേണ്ടി ഹാജരായതിന്റെയും രേഖകൾ അസോസിയേഷൻ പൊലീസിനു കൈമാറിയിരുന്നു.

By Rathi N