Wed. Jan 22nd, 2025

കായംകുളം:

കെഎസ്ടിഎ പത്തിയൂർ ബ്രാഞ്ചിന്റെ സ്‌നേഹസാന്ത്വനം പദ്ധതിയ്‌ക്ക്‌ തുടക്കമായി. വ്യത്യസ്‌ത ജീവിത സാഹചര്യങ്ങളിൽ കഴിയുന്ന വിദ്യാർത്ഥികളുടെ വീട്‌ സന്ദർശിച്ച്‌ കുടുംബാം‌ഗങ്ങൾക്ക് കരുത്ത്പകരുക,  സാമ്പത്തിക സഹായം ലഭ്യമാക്കുക എന്നിവയാണ്‌ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത്‌ വൈസ്‌പ്രസിഡന്റ്‌ അഡ്വ. ബിപിൻ സി ബാബു ഉദ്‌ഘാടനംചെയ്‌തു.

ഡയാലിസിസിന് വിധേയരാകുന്ന നഗരസഭ നാലാം വാർഡിൽ മണ്ണാശ്ശേരിൽ വടക്കതിൽ നസീമയുടെ മക്കളായ മുഹമ്മദ്‌ റിയാൻ (എട്ടാം ക്ലാസ് ), ഫാത്തിമ (നാലാംക്ലാസ്‌ ) എന്നിവരുടെ വീട്ടുമുറ്റത്താണ് സാന്ത്വനപരിപാടി സംഘടിപ്പിച്ചത്. 
ഫാത്തിമയുടെ വൃക്ക മാറ്റിവയ്‌ക്കൽ ശാസ്‌ത്രക്രിയ അടിയന്തരമായി നടത്തണമെന്ന് ഡോക്‌ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്‌. പിതാവ് അടുത്തിടെയാണ് മരിച്ചത്.

വാർഡ്കൗൺസിലർ ഷെമിമോൾ സാമ്പത്തികസഹായവും പ്രഥമാധ്യാപിക ജയകുമാരി ഭക്ഷ്യവസ്‌തുക്കളും കൈമാറി. സബ്ജില്ലാ പ്രസിഡന്റ്‌ ആർ രതീഷ്‌കുമാർ അധ്യക്ഷനായി. ജില്ലാക്കമ്മിറ്റി അംഗം ജി കൃഷ്‌ണകുമാർ പദ്ധതി വിശദീകരിച്ചു.

ബ്രാഞ്ച് സെക്രട്ടറി എസ് പി സന്ദീപ്, ജില്ലാ നേതാക്കളായ ഗോപികൃഷ്‌ണൻ, ബിന്ദു, വി എസ്‌ അനിൽകുമാർ, സബ്ജില്ലാ നേതാക്കളായ കെ ബിനീഷ് കുമാർ, വി അനിൽബോസ്, ജോസഫ് ജോർജ്ജ്, കനകക്കുന്ന് പൊലീസ് സ്‌റ്റേഷൻ അസിസ്‌റ്റന്റ്‌ സബ് ഇൻസ്‌പെക്‌ടർ നിസാർ പൊന്നാരേത്ത് എന്നിവർ സംസാരിച്ചു.

By Rathi N