തിരുവനന്തപുരം:
സർവകലാശാലയുടെ ചരിത്രത്തിലെ ആദ്യത്തെ സാങ്കേതികവിദ്യ കൈമാറ്റം നടത്തി എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. ഈ നേട്ടത്തിലൂടെ അഫിലിയേറ്റഡ് കോളജുകൾക്ക് പോർട്ടബിൾ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വികസിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കൈമാറാൻ ഒരുങ്ങുകയാണ് സർവകലാശാല. ചെങ്ങന്നൂർ പ്രൊവിഡൻസ് കോളജ് ഓഫ് എൻജിനീയറിങ് വികസിപ്പിച്ച സാങ്കേതികവിദ്യ താൽപര്യമുള്ള കോളജുകളുമായി പങ്കിടാനാണ് തീരുമാനം.
കോവിഡിൻെറ മൂന്നാം തരംഗമുണ്ടായാൽ ഉണ്ടാകുന്ന ഓക്സിജൻ പ്രതിസന്ധി പരിധിവരെ ലഘൂകരിക്കാനും ആശുപത്രികളിൽ വരാവുന്ന തിരക്ക് കുറക്കാനും ഓക്സിജൻ കോൺസെൻട്രേറ്ററുകളുടെ നിർമാണത്തിലൂടെ കഴിയും. കോളജ് ലാബുകളിൽ നിർമിക്കുന്ന കോൺസെൻട്രേറ്ററുകൾക്ക് സാങ്കേതിക സഹായം നൽകുന്നത് അതത് കോളജുകളായിരിക്കും.
കൂടാതെ, മെഡിക്കൽ റെഗുലേറ്റർമാരിൽനിന്ന് അംഗീകാരം ഉറപ്പാക്കേണ്ടതും കോളജുകളുടെ ചുമതലയാണ്. ഈ സാങ്കേതികവിദ്യ കൈമാറ്റം സാധ്യമാക്കുന്നത് സർവകലാശാലയിലെ ഇൻഡസ്ട്രി അറ്റാച്മൻെറ് സെല്ലാണ്.