Tue. Nov 5th, 2024
കോഴിക്കോട്:

രാജ്യസുരക്ഷക്കുവരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിൽ വിവിധയിടങ്ങളിൽ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകൾ പ്രവർത്തിപ്പിച്ച കേസിൽ അന്വേഷണം മുഖ്യസൂത്രധാര​ന്​ സാമ്പത്തിക സഹായം ചെയ്​തവരിലേക്കും. കേസിൽ അറസ്​റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെ സാമ്പത്തികമായി സഹായിച്ചവരുടെ വിവരങ്ങളാണ്​ അന്വേഷണസംഘം ശേഖരിക്കുന്നത്​. ബംഗളൂരുവിലും കോഴിക്കോട്ടുമടക്കം നിയമവിരുദ്ധ എക്​സ്​ചേഞ്ചുകൾ പ്രവർത്തിപ്പിക്കുന്നതിന്​ കോടിക്കണക്കിന്​ രൂപ മുടക്കിയെന്നാണ്​ അന്വേഷണസംഘം സംശയിക്കുന്നത്​.

കോഴിക്കോട്ട്​ ഏഴിടത്ത്​ എക്​സ്​ചേഞ്ചുകൾ പ്രവർത്തിച്ചതിൽ സർക്കാറിനും ടെലികോം വകുപ്പിനും കോടിയിലേറെ രൂപയുടെ​ നികുതി നഷ്​ടമടക്കമുണ്ടായതായാണ്​ കണക്കാക്കിയത്​. നേരത്തെ ഡൽഹിയിലും ബിഹാറിലുമുൾപ്പെടെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിപ്പിച്ചതിനുപിന്നിലും ഇവരാണോ എന്നത്​ പരിശോധിച്ചുവരുകയാണ്​.

സാമ്പത്തികശേഷി കുറഞ്ഞ കുടുംബത്തിലുള്ളയാളാണ്​ ഇബ്രാഹീമെന്നതിനാൽ എക്​സ്​ചേഞ്ച്​ സ്​ഥാപിക്കാനുള്ള തുക സമാഹരിക്കാൻ പുറത്തുനിന്നുള്ളവരുടെയടക്കം സഹായം ലഭിച്ചതായാണ്​ സംശയം​. അതിനാൽ തന്നെ കേസിലെ പ്രതികളുടെയെല്ലാം ബാങ്ക്​ ഇടപാടുകളടക്കം പൊലീസ്​ പരിശോധിച്ചുവരുകയാണ്​. സ്വർണക്കടത്ത്​, ഹവാല, കുഴൽപണ ഇടപാടുകാർ നിയമവിരുദ്ധ എക്​സ്​ചേഞ്ചുകൾക്കായി പണം മുടക്കിയതായി സൂചനയുണ്ട്​.

ബംഗളൂരുവിൽ പിടിയിലായ ഇബ്രാഹീമിനെതിരെ സൈനിക നീക്കം ചോർത്തിയതടക്കം കുറ്റങ്ങളാണ്​ അവിടെ ​ചുമത്തിയത്​. അതിനാൽ തന്നെ രാജ്യദ്രോഹപ്രവർത്തനമടക്കം കോഴിക്കോ​ട്ടെ കേസിലുമുണ്ടെന്നാണ്​ സൂചന​. പിടിച്ചെടുത്ത 750 ഓളം സിം കാർഡുകൾ പരിശോധിച്ചാലേ ഇതുസംബന്ധിച്ച തെളിവുകൾ ലഭിക്കൂ എന്നാണ്​ അന്വേഷണസംഘം പറയുന്നത്​.