കൊച്ചി:
ആദിവാസി വിദ്യാർത്ഥികൾക്ക് മികച്ചതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസം സൗജന്യമായി നൽകാൻ എകെ ബാലൻ മന്ത്രിയായിരുന്ന സമയത്ത് പ്രഖ്യാപിച്ച പദ്ധതികളിലൊന്നായ ഡിജിറ്റൽ ലൈബ്രറി പാതിവഴിയിൽ. പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പദ്ധതി പൂർത്തീകരണത്തിന് തടസ്സമായത്. പദ്ധതി നടപ്പാക്കലിന് നിർദേശം നൽകുന്നതിലും വിലയിരുത്തലിലും വകുപ്പിന് വീഴ്ച പറ്റിയെന്നാണ് എജി റിപ്പോർട്ട്.
പട്ടികവർഗ വകുപ്പിനുകീഴിലെ ഏഴ് മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലാണ് (എംആർഎസ്) ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഏറ്റുമാനൂർ, കണിയാമ്പറ്റ, നിലമ്പൂർ, കാസർകോട്, ചാലക്കുടി, കുളത്തൂപ്പുഴ, മൂന്നാർ എന്നിവിടങ്ങളിലെ എംആർഎസുകളിൽ ഡിജിറ്റൽ ലൈബ്രറിയും സിസിടിവി കാമറയും സ്ഥാപിക്കാനുള്ള കരാർ സംസ്ഥാന വ്യവസായ വികസന കോര്പറേഷനാണ് (കെഎസ്ഐഇ- ലിമിറ്റഡ്) ഏറ്റെടുത്തത്.
4.73 കോടിയുടെ എസ്റ്റിമേറ്റിൽ കെഎസ്ഐഇയും പട്ടികവർഗ ഡയറക്ടറും 2020 ജനുവരി 24ന് ഒപ്പുവെച്ചു. വർക്ക് ഓർഡർ ലഭിച്ച് 90 ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്നായിരുന്നു വ്യവസ്ഥ.പദ്ധതി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റും കെഎസ്ഐഇയിൽനിന്ന് പട്ടികവർഗ വകുപ്പിന് ലഭിച്ചിട്ടില്ല.
ഒരു വർഷം പിന്നിട്ടിട്ടും പട്ടികവർഗ വകുപ്പ് പണി പൂർത്തിയാക്കണമെന്ന് നിർബന്ധിച്ചിട്ടില്ല. പരിശോധനയിൽ ഗുണനിലവാരമില്ലാത്ത ജോലികളാണ് പല സ്കൂളിലും നടത്തിയത്.കുളത്തൂപ്പുഴ എംആർഎസിൽനിന്ന് ഏജൻസിയുടെ മോശപ്പെട്ട പ്രവർത്തനത്തെക്കുറിച്ച് പരാതി ലഭിച്ചു.
ഡിജിൈറ്റസേഷനുമായി ബന്ധപ്പെട്ട് ഏജൻസി ഷെൽഫ് സ്ഥാപിച്ചിരുന്നു. അത് ചിതൽ തിന്ന് നശിച്ചു. ഗുണനിലവാരമില്ലാത്ത സാധനങ്ങളാണ് ഏജൻസി സ്കൂളിൽ സ്ഥാപിച്ചതെന്ന് വ്യക്തം. ഏജൻസി നടത്തിയ നിർമാണ പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ പട്ടികവർഗ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചു. നിബന്ധനകളുടെ ലംഘനം നടത്തിയിട്ടും വകുപ്പിലെ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കാത്തതിൽ ദുരൂഹതയുണ്ട്.