ആലങ്ങാട്:
നീറിക്കോട് – തൊണ്ണംകോട് റോഡരികിലെ പാടശേഖരത്തിൽ സാമൂഹികവിരുദ്ധർ വൻതോതിൽ മാലിന്യം തള്ളി. കെട്ടിട നിർമാണ ശേഷം ബാക്കി വന്ന അവശിഷ്ടങ്ങളും പ്ലാസ്റ്റിക് ചാക്കുകളുമാണു തള്ളിയിരിക്കുന്നതെന്നു നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞദിവസം രാത്രിയോടെ പാടശേഖരത്തിന്റെ രണ്ടു ഭാഗങ്ങളിലായാണു മാലിന്യം തള്ളിയിരിക്കുന്നത്.
സമീപത്തെ സ്വകാര്യ പാർപ്പിട സമുച്ചയ ഉടമയാണു മാലിന്യം തള്ളിയിരിക്കുന്നതെന്നു കാട്ടി നാട്ടുകാർ വിഷയം പഞ്ചായത്ത് അംഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയായില്ല. ഒട്ടേറെ കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. മുൻപു പലതവണ രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ നീറിക്കോട് പ്രദേശത്തെ ആളൊഴിഞ്ഞ ഇടങ്ങളിൽ മാലിന്യം തള്ളിയിരുന്നു.
മാലിന്യം തള്ളുന്നവർക്കെതിരെ ആലങ്ങാട് പഞ്ചായത്ത് അധികൃതർ ശക്തമായ നടപടികളൊന്നും സ്വീകരിക്കാത്തതാണു വീണ്ടും മാലിന്യം തള്ളൽ വർധിക്കാൻ കാരണമെന്നു നാട്ടുകാർ പറഞ്ഞു.