കാഞ്ഞിരപ്പള്ളി:
ബസ് സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷൻ പ്രവർത്തിക്കാതെ കിടക്കുന്നതു യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതാണ് കംഫർട്ട് സ്റ്റേഷൻ അടിച്ചിടാൻ കാരണം. മാസങ്ങളായി കംഫർട്ട് സ്റ്റേഷൻ തുറക്കാത്തതിനാൽ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്കും ബസ് ജീവനക്കാർക്കും പ്രാഥമികാവശ്യങ്ങൾക്കു മാർഗങ്ങളില്ല.
ലോക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ഹോട്ടലുകളിൽ കയറാൻ കഴിയാത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. സ്ത്രീകൾ സ്റ്റാൻഡിന് പരിസരത്തുള്ള വീടുകളിലെ ശുചിമുറികളെയാണ് ആശ്രയിക്കുന്നത്. ദിവസവും ആളുകൾ ശുചിമുറി സൗകര്യം ചോദിച്ച് എത്തുന്നുണ്ടെന്നും പരിസരവാസികൾ പറയുന്നു.
രണ്ടു ദിവസം മഴ പെയ്താൽ ടാങ്ക് നിറഞ്ഞ് മലിന ജലം സ്റ്റാൻഡിലൂടെ ഒഴുകും. കംഫർട്ട് സ്റ്റേഷനു പര്യാപ്തമായ സെപ്റ്റിക് ടാങ്ക് ഇല്ലാത്തതിനു പുറമേ മഴക്കാലത്ത് മണ്ണിനടിയിൽ ഉറവയും ഉണ്ടാകുന്നതോടെ ടാങ്ക് നിറഞ്ഞ് ജലം പുറത്തേക്ക് ഒഴുകും.
ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുന്നിലൂടെയാണു മലിന ജലം ഒഴുകുന്നത്. കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നേരത്തെ മനുഷ്യാവകാശ കമ്മിഷൻ പഞ്ചായത്ത് ഉപ ഡയറക്ടറെ ചുമതലപ്പെടുത്തി ഉത്തരവിട്ടിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. 2010ൽ 25 വർഷത്തേക്കു ബിഒടി അടിസ്ഥാനത്തിൽ നിർമിച്ച കംഫർട്ട് സ്റ്റേഷനാണിത്.
ധനകാര്യ കമ്മിഷന്റെയും ശുചിത്വ മിഷന്റെയും ഫണ്ട് ഉപയോഗിച്ച് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കംഫർട്ട് സ്റ്റേഷനോട് അനുബന്ധിച്ച് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാനും പുത്തനങ്ങാടിയിൽ പഞ്ചായത്ത് വക സ്ഥലത്ത് ടാങ്ക് നിർമിക്കാനുമാണു പദ്ധതി.