കോഴിക്കോട്:
കോഴിക്കോട് നഗര വികസനവുമായി ബന്ധപ്പെട്ട് മേയർ ഡോ ബീനാ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള നിർദേശങ്ങളാണ് സംഘം മുഖ്യമന്ത്രിയുടെയും വിവിധ വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവന്നത്. പൂനൂർ പുഴ, മാളിക്കടവ്, കക്കോടി, മാവൂർ റോഡ്, സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ജില്ലയിൽ പ്രത്യേക വെള്ളക്കെട്ട് നിവാരണ പദ്ധതി നടപ്പാക്കുന്നതിനുള്ള അംഗീകാരം ലഭ്യമാക്കണമെന്ന നിർദേശം സംഘം മുന്നോട്ടുവച്ചു.
കല്ലായി പുഴയുടെ നവീകരണ പ്രവൃത്തി, സരോവരം ബയോപാർക്ക് വികസന പദ്ധതി, പൊതു സ്വകാര്യ ജനപങ്കാളിത്തത്തോടെ ലോറി പാർക്കിങ് സൗകര്യം, സ്പോർട്സ് സ്കൂൾ തുടങ്ങിയ പദ്ധതികളും നിർദേശങ്ങളും ശ്രദ്ധയിൽപ്പെടുത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി സി രാജൻ, കോർപറേഷൻ സെക്രട്ടറി കെ യു ബിനി എന്നിവർ സംഘത്തിലുണ്ടായിരുന്നു.