Mon. Dec 23rd, 2024
നിരണം:

പ്രവർത്തനം തുടങ്ങി രണ്ടര വർഷമായിട്ടും കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഇപ്പോഴും അടഞ്ഞുതന്നെ. ആശുപത്രി വികസന സമിതി കൂടി ലാബ് പരിശോധനകളുടെ നിരക്ക് തീരുമാനിക്കാത്തതാണ് കാരണം. സ്വകാര്യ ആശുപത്രിയോ ലാബുകളോ ഇല്ലാത്ത പഞ്ചായത്തിലെ ഏക ആരോഗ്യകേന്ദ്രത്തിലെ അവസ്ഥയാണിത്.

3 ഡോക്ടർമാരുള്ള ആശുപത്രിയിൽ ലാബ് പരിശോധന നടത്തണമെങ്കിൽ കിലോമീറ്ററുകൾ യാത്ര ചെയ്ത് തിരുവല്ലയിലെ ഹരിപ്പാട്ടോ മാന്നാറോ പോകേണ്ടിവരും.ദിവസം നൂറിലേറെ രോഗികളെത്തുന്ന ആശുപത്രിയിൽ മറ്റു സ്ഥലങ്ങളിലേക്കു പോകുന്നതിനു വാഹനസൗകര്യവും തീരെ കുറവാണ്.

കുടുംബാരോഗ്യകേന്ദ്രമായി രണ്ടര വർഷം മുൻപ് ഉയർത്തിയപ്പോൾ ലാബിനാവശ്യമുള്ള ഉപകരണങ്ങൾ എല്ലാം എത്തിച്ചിരുന്നു. അന്നു തന്നെ ലാബ് ടെക്നിഷ്യനെയും പിഎസ്‌സി നിയമിച്ചു. പുതിയ കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് വാടകയ്ക്ക് പ്രവർത്തിച്ചിരുന്നതിനാൽ സ്ഥല സൗകര്യമില്ലാതെ പ്രവർത്തനം തുടങ്ങിയില്ല. ജോലിക്കെത്തിയയാളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

അപ്പോഴേക്കും എംഎൽഎ ഫണ്ടിൽ നിന്നു 1.6 കോടി രൂപ മുടക്കി പുതിയ കെട്ടിടം പൂർത്തിയായി. ഇവിടേക്കു മാറിയപ്പോൾ ലാബിനായി പ്രത്യേകം മുറിയും സജ്ജമാക്കി. അപ്പോഴും പുതിയ ലാബ് ടെക്നിഷ്യനെത്തി.

എല്ലാം തയാറായെങ്കിലും എച്ച്എംസി കൂടി നിരക്ക് തീരുമാനം മാത്രമായില്ല. ജോലിയില്ലാതിരുന്ന ലാബ് ടെക്നിഷ്യൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറി. അതിനുശേഷം പകരം ആൾ വന്നു. ഈ ആൾക്കും ജോലി ചെയ്യാനുള്ള സംവിധാനമില്ലാതെ വന്നതോടെ റാന്നി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

ലാബ് ഉപകരണങ്ങൾ രണ്ടര വർഷമായി ഉപയോഗിക്കാതെ വച്ചതോടെ പലതും ഉപയോഗശൂന്യമായി. ഇനി പുതിയവ വാങ്ങിയാലേ പ്രവർത്തിക്കാൻ പറ്റുകയുള്ളു.

TAGS:

By Divya