Wed. Jan 22nd, 2025
കൊട്ടാരക്കര:

ആയാസമേതുമില്ല,പതർച്ചയും. കൃത്രിമക്കാലിൻ്റെ സഹായത്തോടെ തൊടിയിലെ കൃഷിസ്ഥലത്ത്‌ തൂമ്പയാൽ മണ്ണുനീക്കുകയാണ്‌ മണിലാൽ. ജോലിയിൽ പതിവിലേറെ ആവേശം കണ്ണുകളിലെ തിളക്കം വിളിച്ചുപറയുന്നുണ്ടായിരുന്നു.

കാർഗിൽ യുദ്ധവിജയം ആഘോഷിക്കുന്ന വേളയിൽ അതേ യുദ്ധസമയത്ത്‌ പോരാടിയ സൈനികന് സന്തോഷിക്കാതിരിക്കാകില്ലല്ലോ. രാജ്യാതാർത്തി സംരക്ഷിക്കാൻ സ്വന്തം കാൽ നഷ്ടപ്പെടുത്തേണ്ടിവന്ന കൈസനികനിപ്പോൾ കൈയിൽ തൂമ്പയേന്തി നാടിനായി വിയർപ്പൊഴുക്കുന്നു. കാർഗിൽ യുദ്ധത്തിൽ കാലു നഷ്ടമായ താമരക്കുടി മംഗലത്ത്‌ തെക്കതിൽ വീട്ടിൽ ബി മണിലാൽ കൃഷിയിടത്തിൽ ജീവിതം സമർപ്പിച്ചിരിക്കുകയാണിപ്പോൾ.

1999 മെയ്‌ 28ന്‌ കശ്മീരിലെ നൗഫാറയിൽനിന്ന് കാർ​ഗിലിൽ പോയി ഇന്ത്യൻ പോസ്റ്റ് തിരിച്ചുപിടിക്കാനുള്ള ദൗത്യസംഘത്തിൽ മണിലാലുമുണ്ടായിരുന്നു. പാകിസ്ഥാന്റെ ബോംബാക്രമണത്തിലും വെടിവയ്‌പിലും 15 പേരടങ്ങുന്ന പ്ലാറ്റൂണിലെ മൂന്നുപേർ കൊല്ലപ്പെട്ടു. മണിലാലിന്റെ വലതുകാലും നഷ്ടമായി.

ഇതോടെ 2000ൽ 18 വർഷത്തെ സേവനം അവസാനിപ്പിക്കേണ്ടി വന്നു. നാട്ടിൽ തിരിച്ചെത്തിയശേഷം കൃഷിയിടത്തിലേക്കിറങ്ങി. ഇപ്പോൾ എൻഎസ്‌എസ്‌ കരയോഗത്തിന്റെ വസ്തു പാട്ടത്തിനെടുത്ത്‌ ചേന, കാച്ചിൽ, ഇഞ്ചി, വാഴ തുടങ്ങിയവ കൃഷി ചെയ്യുകയാണ്‌.

ഭാര്യ സുലോചനയും മക്കൾ മിഥുനും മിഥുലയും സഹായത്തിനൊപ്പമുണ്ട്‌. പൊതുപ്രവർത്തനരംഗത്ത്‌ സജീവമായ അദ്ദേഹം 2005ൽ മൈലം പഞ്ചായത്ത്‌ അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. നാട്ടിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരിക്കെയാണ്‌ മണിലാലിന്‌ സൈനികജോലി ലഭിച്ചത്‌.

കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാനകരമായ നിമിഷമായാണ് മണിലാൽ കാണുന്നത്‌.

By Divya