Mon. Dec 23rd, 2024
കൊല്ലം:

എസ്ബിഐ ഓഫിസിനു സമീപം എസ്എംപി പാലസ് റോഡിലെ ലോറി സ്റ്റാൻഡിൽ മൊബിലിറ്റി ഹബ്ബിനു പദ്ധതി തയാറായി. ഇതിൻ്റെ ഭാഗമായ ലോറി സ്റ്റാൻഡ് അടിയന്തരമായി മാറ്റി സ്ഥാപിക്കും. ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ല.

മൊബിലിറ്റി ഹബ്ബിനു 30 കോടിയോളം രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്. വിശദമായ പദ്ധതി റിപ്പോർട്ടിന്റെ (ഡിപിആർ) കരട് ആണു തയാറായത്. ആണ്ടാമുക്കം ബസ് സ്റ്റാൻഡിൽ എത്തുന്ന ബസ് മൊബിലിറ്റി ഹബ്ബിലേക്ക് മാറും. 3 നിലയുള്ള കെട്ടിടം നിർമിക്കും.

താഴത്തെ നില കടമുറികളാണ്. ഒന്നാം നിലയിൽ താമസ സൗകര്യമുണ്ടാകും കോൺഫറൻസ് ഹാൾ ഉൾപ്പെടുന്നതാണ് മൂന്നാമത്തെ നില. രണ്ടു ഘട്ടമായി നിർമാണം നടത്താനാണ് ആലോചിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിലും അർബൻ ട്രാൻസ്പോർട്ടേഷനിൽ ഉൾപ്പെടുത്തി ഫണ്ട് കണ്ടെത്താൻ ശ്രമം നടത്തും. ലോറി സ്റ്റാൻഡ് അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതു സംബന്ധിച്ചു യോഗം വിളിക്കാൻ ട്രാഫിക് ക്രമീകരണ സമിതിയെ ചുമതലപ്പെടുത്തും. പദ്ധതിയുടെ സാമ്പത്തിക പ്രായോഗികത പരിശോധിക്കും.

താമരക്കുളത്ത് രാജ്യാന്തര ക‍ൺവൻഷൻ സെന്ററും ഷോപ്പിങ് കോംപ്ലക്സും നിർമിക്കാനും കോർപറേഷൻ ആലോചിക്കുന്നുണ്ട്. നേരത്തെ ഇതുസംബന്ധിച്ചു ഊരാളുങ്കൽ സൊസൈറ്റി വിശദമായ പദ്ധതി റിപ്പോർട്ടിന്റെ കരട് അവതരിപ്പിച്ചിരുന്നു. വിശദമായ പദ്ധതി റിപ്പോർട്ടും എസ്റ്റിമേറ്റും തയാറാക്കുന്നതിനു എക്സപ്രസ് ഓഫ് ഇന്ററസ്റ്റ് ക്ഷണിക്കുന്നതിനുള്ള അജൻഡ ഇന്നു നടക്കുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും.

By Divya