കോഴഞ്ചേരി:
സമഗ്രവികസനത്തിന് മെഴുവേലിയിൽ പദ്ധതിയായി. നീർത്തടാധിഷ്ഠിത വികസന പദ്ധതിയിലൂടെ കാലത്തിനു മുമ്പേ നടക്കാനുള്ള ശ്രമമാണ് മെഴുവേലി -2025 എന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ആദ്യം അടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരണം നടത്തും.
മെഴുവേലി 2025ൽ വിപുലമായ പദ്ധതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൺ ഡിസ്ട്രിക് വൺ പ്രൊജക്ട് പദ്ധതി പ്രകാരം ചക്കയുടെയും തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ കിഴങ്ങുവർഗങ്ങളുടെയും മൂല്യവർധിത ഉല്പന്നങ്ങൾ ഉല്പാദിപ്പിക്കും.
മണ്ണിന്റെ പരിശോധന യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കും. പട്ടികജാതി മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകും, എഫ് പി ഒ രജിസ്റ്റർ ചെയ്ത് പ്രത്യേക സ്റ്റാർട്ടപ്പുകൾ രൂപീകരിക്കും. കറിവേപ്പ്, ഓമ എന്നിവ എല്ലാ വീടുകളിലും ഉല്പാദിപ്പിക്കും.
പഞ്ചായത്തിലെ മുഴുവൻ കുടുബങ്ങളിലും കൃഷിയെ പ്രോത്സാഹിപ്പിക്കും. എൽ ഇ ഡി ബൾബ് ഉപയോഗം വീടുകളിൽ സമ്പൂർണമാക്കും. വെബിനാർ മുൻ ധന മന്ത്രി ഡോ തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കുടുബക്ഷേമ മന്ത്രി വീണാ ജോർജ് മുഖ്യ പ്രഭാഷകയായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പിങ്കി ശ്രീധർ അധ്യക്ഷയായി.
ജനകീയാസൂത്രണത്തിനും വളരെ മുൻപ് വിഭവഭൂപട നിർമ്മിതിയിലൂടേയും ജനങ്ങളെ ഒന്നിച്ചു നിർത്തിയുള്ള വികസന പദ്ധതികളിലൂടെയും ശ്രദ്ധേയമായ പഞ്ചായത്താണ് മെഴുവേലി. മൈക്രോ വാട്ടർഷെഡ് അടിസ്ഥാനത്തിൽ കുടുബ ഗ്രൂപ്പുകൾ തയാറാക്കും. ഇത്തരം ബഹുമുഖ പദ്ധതികളാണ് “മെഴുവേലി 2025 “ലൂടെ ലക്ഷ്യം വെയ്ക്കുക.