Fri. Nov 22nd, 2024
കോവളം:

ബീച്ചിൻ്റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാൻ സത്വര നടപടികളുമായി ടൂറിസം വകുപ്പ്. തീരത്തെ നിർമാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കും. സാംസ്കാരിക പദ്ധതിയായിരുന്ന “ഗ്രാമം പരിപാടി” പുനരാവിഷ്കരിച്ച് നവീനമായി നടപ്പിലാക്കാനും തീരുമാനം.

തീരത്തെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ. ബീച്ചിലെ അശാസ്ത്രീയ നിർമിതികൾ മനോഹര കാഴ്ചകൾക്ക് തടസ്സം എന്ന നിലക്കാണ് തുടർനിർമാണ പ്രവൃത്തികളിൽ ഗ്രീൻ പ്രോട്ടോക്കോളും ടൂറിസം മാന്വലും നിർബന്ധമാക്കാനുള്ള തീരുമാനമെന്ന് മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കോവളത്തെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികൾ സമയബന്ധിതമായി പരിഹരിക്കും. തെരുവ് വിളക്കുകൾ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് ഓഗസ്റ്റ് 10 നകം പ്രവർത്തനക്ഷമമാക്കും.

ടൈൽ ജോലികൾ ഓഗസ്റ്റ് 15 നകം പൂർത്തീകരിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥല പരിമിതി മറികടക്കാൻ സ്വകാര്യ മേഖലയിൽ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി പരിഹാരം കണ്ടെത്താനും തീരുമാനിച്ചു. സുരക്ഷാ സംവിധാനം വിപുലപ്പെടുത്തുന്നതിന് ഉത്തരവാദിത്ത ടൂറിസം മേഖലയുമായി കൈകോർക്കും. വൈദ്യുത ലൈനുകൾ, കേബിളുകൾ എന്നിവ ഭൂമിയ്ക്ക് അടിയിലൂടെ സജ്ജമാക്കും.

ലൈറ്റ് ഹൗസ് ഭാഗത്തെ വികസന പ്രവർത്തനങ്ങൾക്ക് കേന്ദ്ര ഗവ അധികൃതരുമായി യോഗം വിളിക്കാനും തീരുമാനിച്ചു.

By Divya