Wed. Nov 6th, 2024

ചാലക്കുടി:

നഗരസഭയിലെ വാക്‌സീൻ വിതരണത്തിൽ അപാകതയുണ്ടെന്നാരോപിച്ചു പ്രത്യേക യോഗത്തിൽ നിന്നു പ്രതിപക്ഷ– സ്വതന്ത്ര കൗൺസിലർമാർ ഇറിങ്ങിപ്പോയി. നഗരസഭാ പ്രദേശത്തു ടിപിആർ നിരക്ക് വർധിക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലായിരുന്നു ബഹളവും ഇറങ്ങിപ്പോക്കും. പ്രശ്നം ചർച്ച ചെയ്യാൻ കൗൺസിലർമാരും പൊലീസും ആരോഗ്യ പ്രവർത്തകരും പങ്കെടുക്കുന്ന യോഗം ഇന്നു ചേരും.

പടിഞ്ഞാറെ ചാലക്കുടി, വിജയരാഘവപുരം, മാർക്കറ്റ്, പോട്ട, അലവി സെന്റർ, നോർത്ത് ചാലക്കുടി എന്നിവിടങ്ങളിൽ ഡ്രൈവർമാർ, വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, വിവിധ സ്ഥാപനങ്ങളിലെ ജോലിക്കാർ എന്നിവർക്കായി കൊവി‍ഡ് പരിശോധന ക്യാംപ് നടത്താൻ തീരുമാനമായി. യോഗത്തിൽ നഗരസഭാധ്യക്ഷൻ വിഒ പൈലപ്പൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം 1500 ഡോസ് വാക്‌സീനാണ് താലൂക്ക് ആശുപത്രി, അർബൻ ആരോഗ്യ കേന്ദ്രം എന്നിവ വഴി നൽകിയത്.

എന്നാൽ 750 ടോക്കൺ മാത്രമാണ് വിതരണം ചെയ്തതെന്നു പ്രതിഷേധക്കാർ പറഞ്ഞു. അപാകത പരിഹരിക്കാൻ നഗരസഭാധ്യക്ഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സിഎസ് സുരേഷ് ആവശ്യപ്പെട്ടു. വിതരണത്തിൽ കൗൺസിലർമാരുടെ ഇടപെടൽ അവസാനിപ്പിക്കണമെന്നും ആശ വർക്കർമാർ വഴി ക്രമീകരണം ഏർപെടുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

ആർടിപിസിആർ പരിശോധനയുടെ ഗുണം സാധാരണക്കാർക്ക് പ്രയോജനപ്പെടുന്നില്ലെന്നു പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. വേണ്ടത്ര ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ ആവശ്യമായ നടപടി നഗരസഭാധ്യക്ഷന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നു സ്വതന്ത്ര അംഗം വിജെ ജോജി കുറ്റപ്പെടുത്തി. തുടർന്ന് നഗരസഭാധ്യക്ഷന്റെ ഓഫിസിനു മുൻപിൽ പ്രതിഷേധം നടത്തി. എൽഡിഎഫ് അംഗങ്ങളായ ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, ഷൈജ സുനിൽ, സ്വതന്ത്ര അംഗങ്ങളായ വിജെ ജോജി,കെഎസ് സുനോജ്, ടിഡി എലിസബത്ത് എന്നിവർ നേതൃത്വം നൽകി.

By Rathi N