Mon. Dec 23rd, 2024
കൊല്ലം:

ആശാ വർക്കർ എന്ന ജോലി സംസ്ഥാനത്ത്​ ആവശ്യമില്ലെന്നാണോ മന്ത്രി വീണ ജോർജ്​ ഉദ്ദേശിക്കുന്നതെന്ന്​ വ്യക്തമാക്കണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ. ആരോഗ്യവകുപ്പിൽ ഒഴിവുള്ള അറ്റൻഡർ തസ്തികയിലേക്ക് ആശാ വർക്കർമാരെ പരിഗണിക്കുന്നതിൻ്റെ നിയമപരമായ സാധ്യത പഠിക്കുമെന്ന മന്ത്രിയുടെ നിയമസഭയിലെ മറുപടിയുടെ ഉദ്ദേശ്യം എന്താണെന്ന്​ വ്യക്തമാക്കണമെന്ന്​ ജനറൽ സെക്രട്ടറി എം എ ബിന്ദു ആവശ്യപ്പെട്ടു.

സർക്കാറിൻ്റെ കടുത്ത അവഗണനക്കെതിരായ ആശാ വർക്കർമാരുടെ രോഷം തണുപ്പിക്കുന്നതിനുള്ള തന്ത്രമാണ്​ മന്ത്രി നടത്തുന്നത്​. 26362 ആശാ വർക്കർമാർക്ക് അറ്റൻഡർ തസ്തികയിലേക്കുള്ള നിയമനത്തിൽ മുൻഗണന നൽകുന്നത് ആലോചിക്കുമെന്ന് പറയുന്നത്​ യഥാർത്ഥ ആവശ്യങ്ങളിൽനിന്ന്​ ശ്രദ്ധ തിരിക്കാനാണ്.

ആശാ വർക്കർമാരെ ആ തസ്തികയിൽ സ്ഥിരപ്പെടുത്തുകയും പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും നൽകുകയും വേണമെന്നതാണ് യഥാർത്ഥ ആവശ്യം. 21,000 രൂപ മിനിമം വേതനവും 15,000 രൂപ കോവിഡ് റിസ്​ക് അലവൻസുമാണ് അടിയന്തര ആവശ്യങ്ങളെന്നും അവർ പറഞ്ഞു.

By Divya