Wed. Jan 22nd, 2025
തിരുവല്ല:

അടിപ്പാതകളിൽ വെള്ളം കയറാതിരിക്കാൻ വാൽവ് പരീക്ഷണവുമായി
റെയിൽവേ. വെള്ളക്കെട്ടുമൂലം ദുരിതത്തിലായ ഇരുവള്ളിപ്ര,കുറ്റൂർ, തൈമറവുംകര അടിപ്പാതകളിലാണ് വെള്ളം ഒഴുകാൻ പണിത ചാലുകളിൽ പ്രത്യേക സംരക്ഷണ ഭിത്തിയും വാൽവുകളും സ്ഥാപിച്ച് പുതിയ പരീക്ഷണം നടത്തിയത്. വെള്ളം കയറാതിരിക്കുവാൻ മണിമലയാറിനും അടിപ്പാതയ്ക്കും ഇടയിൽ വാൽവുകളും ഒന്നര മീറ്ററോളം ഉയരത്തിൽ സംരക്ഷണ ഭിത്തിയും നിർമിച്ചാണ് സുരക്ഷ ഒരുക്കിയത്.

മഴവെള്ളം അടിപാതയിലേക്ക് ഒഴുകാതിരിക്കാൻ റോഡിന് കുറുകെ ആഴത്തിൽ ഓവുചാൽ നിർമിച്ചു. വെള്ളം സമീപ പുഞ്ചയിലേക്ക് ഒഴുക്കിവിടാനുള്ള തോടും നിർമിച്ചിട്ടുണ്ട്. പുഞ്ചയിൽ നിന്നുള്ള വെള്ളം തിരികെ കയറാതിരിക്കാൻ വാൽവുകൾ സ്ഥാപിച്ചു. വെള്ളം അടിപ്പാതയിൽ നിന്നും പുറന്തള്ളുവാൻ മോട്ടർ ഷെഡും നിർമിച്ചിട്ടുണ്ട്. ഇരുവെള്ളിപ്ര അടിപ്പാതയിൽ മണിമലയാറ്റിൽ നിന്ന് നേരിട്ടാണ് വെള്ളം കയറുന്നത്.

ബണ്ട് പണിത് ഷട്ടറിട്ടെങ്കിലും പ്രയോജനം ചെയ്തില്ല. ഇരുവശങ്ങളിലും അലുമിനിയം ഷീറ്റിട്ട് മേൽക്കൂരയും സ്ഥാപിച്ചിരുന്നു. ഇതേ രീതിയിൽ ഒരുസ്ഥലത്തേക്ക് മാത്രം വെള്ളം ഒഴുകുന്ന തരത്തിൽ തുറക്കുന്ന പ്രത്യേക വാൽവുകളാണ് കുറ്റൂരിലും തൈമറവുംകരയിലും സ്ഥാപിച്ചിരിക്കുന്നത്. പാതയുടെ അശാസ്ത്രീയത പരിഹരിക്കാൻ റെയിൽവേയും പൊതുമരാമത്ത് വിഭാഗവും പലവട്ടം ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

ഇരുവശത്തെയും റോഡുകൾ ഉയർന്ന നിലയിൽ നിലനിർത്തി അടിപ്പാത താഴ്‌ത്തിയാണ് സ്ഥാപിച്ചത്. ഉയർന്ന റോഡിലെ മഴവെള്ളം നേരേ പാതയ്ക്കുളളിൽ വന്ന് കെട്ടിനിൽക്കുന്ന സ്ഥിതിയായി. പാത സ്ഥാപിച്ച ശേഷമുള്ള ആദ്യ മഴക്കാലം മുതൽ ദുരിതവും തുടങ്ങിയിരുന്നു. ഇത് ഒഴിവാക്കാനാണ് പുതിയ പരീക്ഷണം.

By Divya