Wed. Jan 22nd, 2025

പാലക്കാട്:

എഫ്സിഐകളിൽ നിന്ന് കീറിയതും ദ്രവിച്ചതുമായ ചാക്കുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം സ്വീകരിക്കേണ്ടെന്ന സിവിൽ സപ്ലൈസ് അധികൃതരുടെ നിർദേശം പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ മുതലമടയിലെ എൻഎഫ്എസ്എ ഗോഡൗണിലെത്തിയ ലോഡിലും ദ്രവിച്ച ചാക്കുകൾ ഉണ്ടായിരുന്നു.

കയറ്റിറക്കു സമയം ചാക്കു പൊട്ടി അരി താഴെപ്പോവുകയും ചെയ്തു. ഭക്ഷ്യധാന്യം റേഷൻ കടകളിലേക്ക് വാതിൽപടി വിതരണം നടത്തേണ്ടതിനാൽ കൃത്യമായ അളവുതൂക്കം ലഭിക്കാത്ത അവസ്ഥ വരും.
കരാറുകാർക്കും റേഷൻ വ്യാപാരികൾക്കും ഇതു നഷ്ടത്തിനിടയാക്കും.

ഇത്തരത്തിലുള്ള പരാതികൾ വ്യാപകമായതിനെ തുടർന്ന് കീറിയതും ദ്രവിച്ചതുമായ ചാക്കുകളിൽ ലഭിക്കുന്ന ഭക്ഷ്യധാന്യം എഫ്സിഐകളിൽനിന്നു സ്വീകരിക്കേണ്ടെന്ന് വകുപ്പു മന്ത്രി കഴിഞ്ഞ മാസം ബന്ധപ്പട്ടവർക്കു നിർദേശം നൽകിയിരുന്നു. കീറിയ ചാക്കുകൾ കയറ്റിവിടില്ലെന്ന് ഉറപ്പാക്കണമെന്ന് എഫ്സിഐയിൽ ജോലിക്കു നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെങ്കിലും പാലിക്കുന്നില്ലെന്നാണ് ആക്ഷേപം.

By Rathi N