Wed. Jan 22nd, 2025
പുനലൂർ:

കൊല്ലം–പുനലൂർ റെയിൽപാത വൈദ്യുതീകരണത്തിനായി കൊല്ലത്തിനും ചെങ്കോട്ടയ്ക്കും ഇടയിൽ കേരളത്തിലുള്ള ഏക വൈദ്യുത സബ്സ്റ്റേഷൻ പുനലൂരിൽ സ്ഥാപിക്കുന്നു. വൈദ്യുതീകരണ പ്രവർത്തനങ്ങളോടൊപ്പം പുനലൂർ റെയിൽവേ സ്റ്റേഷനിൽ ടവർ വാഗൺ ഷെഡും നിർമിക്കും. ഇതിനായി ഇലക്ട്രിക്കൽ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും സംസ്ഥാന മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

പുനലൂർ-ചെങ്കോട്ട പാതയിൽ എന്തെങ്കിലും തകരാറോ മറ്റോ ഉണ്ടായാൽ ഓടിയെത്താനുള്ള വാഗൺ നിർത്തിയിടാനാണിത്. സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിനോട് ചേർന്നാണ് നിർമിക്കുന്നത്. ഇതിന്റെ നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.

കൊല്ലം ചെങ്കോട്ട റെയിൽ പാത വൈദ്യുതീകരണത്തിനായുള്ള 110 കെവി സബ്സ്റ്റേഷൻ ഉയരുന്നത് പുനലൂർ സ്റ്റേഷന്റെ കിഴക്കു ഭാഗത്താണ്. നിർമാണം പൂർ‌ത്തിയായാൽ പാതയിൽ ഇലക്ട്രിക് ട്രെയിനുകൾ സർവീസ് ആരംഭിക്കും.

65 കോടിയാണ് അടങ്കൽ തുക. 2022ൽ നിർമാണം പൂർത്തിയാക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വൈദ്യുതി ബോർഡിന്റെ പുനലൂർ 110 കെ വി സ്റ്റേഷനിൽനിന്ന് ഭൂഗർഭ കേബിളുകൾ വഴി റെയിൽവേ സ്റ്റേഷനിലെ സബ്സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കും. ഇതിനുള്ള അടങ്കൽ കെഎസ്ഇബി തയാറാക്കിയിട്ടുണ്ട്.

തുക റെയിൽവേ നൽകും. സ്റ്റേഷനിലേക്ക് എത്തുന്നതിനായി ചൗക്കയിലെ അടിപ്പാതയ്ക്ക് സമീപത്ത് കൂടി പ്രത്യേക പാത നിർമിക്കുന്നുണ്ട്. പുനലൂർ പിന്നിട്ടാൽ തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ ആണ് അടുത്ത സബ്സ്റ്റേഷൻ.

ഇതിന്റെ നിർമാണത്തിനുള്ള നടപടികളും നടന്നുവരികയാണ്. മീറ്റർഗേജ് ആയിരുന്ന പുനലൂർ ചെങ്കോട്ട പാത ബ്രോഡ്ഗേജ് ആക്കി കമ്മിഷൻ ചെയ്ത് 11 വർഷം പിന്നിട്ടിട്ടും ഇപ്പോഴാണ് വൈദ്യുതീകരണ ജോലികൾ ആരംഭിക്കുന്നത്. ഉദ്ഘാടനവും ഭൂമിപൂജയും കഴിഞ്ഞമാസം ആവണീശ്വരത്ത് നടന്നിരുന്നു. ചെന്നൈയിലെ ത്രിമൂർത്തി ഹൈടെക് കമ്പനിക്കാണ് കരാർ.

By Divya