Mon. Dec 23rd, 2024
തിരുവനന്തപുരം:

തലസ്ഥാനത്ത് നടുറോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്കോടിച്ച യുവാക്കളെ കുടുക്കി വഴിയാത്രികരായ സ്‍ത്രീകള്‍. കോവളം-മുക്കോല-കല്ലുവെട്ടാൻകുഴി ബൈപ്പാസിലാണ് സംഭവം.

റോഡില്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിച്ച് ബൈക്ക് റേസിംഗ് നടത്തിയ അഞ്ചംഗ സംഘമാണ് സ്‍ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികളുടെ ഇടപെടലിനെ തുടര്‍ന്ന് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. കല്ലുവെട്ടാൻകുഴി ബൈപ്പാസിലൂടെ നടക്കാനിറങ്ങിയതായിരുന്നു സ്ത്രീകള്‍.

ഇവരുടെ സമീപമെത്തി വാഹനം ഉച്ചത്തിൽ ശബ്‍ദം ഉണ്ടാക്കിക്കൊണ്ടായിരുന്നു യുവാക്കളുടെ മത്സരയോട്ടം. ഇതോടെ പരിഭ്രാന്തരായ സ്ത്രീകൾ അടുത്ത റോഡിലേക്ക് ഓടിക്കയറി. ഇതിതിനു ശേഷം ഇവര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ബൈക്കില്‍ യുവാക്കളുടെ അപകടകരമായ മത്സരയോട്ടത്തെക്കുറിച്ച് അറിഞ്ഞ് ഉടന്‍ വിഴിഞ്ഞം പൊലീസ് സ്ഥലത്തേക്ക് കുതിച്ചെത്തി. ബൈക്ക് റേസിങ്ങ് സംഘത്തെ തടഞ്ഞുനിർത്തിയാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ബൈക്കുകള്‍ പിടികൂടുകയും യുവാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

ബാലരാമപുരം സ്വദേശികളായ മനീഷ്(20), തൗഫീക്ക്(20), പൂവാർ സ്വദേശി അഫ്‌സൽ അലി(18), അമരവിള സ്വദേശി സൂര്യ(22) കാരയ്ക്കാമണ്ഡപം സ്വദേശി ഷെഹിൻ(19) എന്നിവരെയാണ് അറസ്റ്റ് ചെയ്‍തത്. ഇവര്‍ ബൈക്ക് റേസിങ്ങിന് ഉപയോഗിച്ചിരുന്ന മൂന്ന് ആഡംബര ബൈക്കുകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഈ ബൈക്കുകളില്‍ ഒന്നിന് നമ്പര്‍ പ്ലേറ്റ് പോലും ഉണ്ടായിരുന്നില്ല. യുവാക്കളില്‍ ഒരാൾക്ക് ബൈക്കോടിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇതേ റോഡിൽ ഒന്നര വർഷം മുമ്പ് ബൈക്ക് റേസിങ്ങ് സംഘത്തിന്റെ ബൈക്കിടിച്ച് രണ്ടുപേർ മരിച്ചിരുന്നു. ബൈക്കോട്ട മത്സരത്തിനിടയിലുണ്ടായ മറ്റൊരു അപകടത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് ബൈപ്പാസിലെ ഓടയിൽ വീണ് യുവാവിന് ജീവന്‍ നഷ്‍ടമാകുകയും ചെയ്‍തിരുന്നു.

അവധി ദിവസങ്ങളിൽ ഇവിടങ്ങളിലെ റോഡുകളില്‍ എത്തുന്ന ഇത്തരത്തിലുള്ള ബൈക്കോട്ട സംഘങ്ങള്‍ ഭീകരാന്തരീക്ഷം സൃഷ്‍ടിക്കുന്നത് പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

By Divya