Fri. Nov 22nd, 2024
കൊല്ലം:

ജില്ലയിലെ ആദ്യ യന്ത്രവൽകൃത വ്യവസായ സ്ഥാപനങ്ങളിൽ ഒന്നാണ് 1884ൽ സ്ഥാപിച്ച എഡി കോട്ടൺ മിൽ എന്ന പാർവതി മിൽ. ഇപ്പോൾ നാഷനൽ ടെക്സ്റ്റൈൽ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള മിൽ വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. രണ്ടായിരത്തോളം തൊഴിലാളികൾ പണിയെടുത്തിരുന്ന ഇവിടെ ഇപ്പോൾ അൻപതോളം പേർ മാത്രം.

അവർ രാവിലെ എത്തും. വൈകിട്ടുവരെ ഇവിടെ ഇരിക്കും. പിന്നെ വീട്ടിലേക്ക് മടങ്ങും. നഗരമധ്യത്തിൽ 16.4 ഏക്കർ സ്ഥലമാണ് പാർവതി മില്ലിനുള്ളത്.

സ്ഥലത്തിനു മാത്രം 500 കോടി രൂപയിൽ ഏറെയാണ് വിപണി മൂല്യം. 137 വർഷം മുൻപ്, വ്യവസായം തുടങ്ങുന്നതിനു തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാൾ രാമവർമ സൗജന്യമായി വിട്ടു നൽകിയ സ്ഥലം കാടുപിടിച്ചു കിടക്കുകയാണ് ഇപ്പോൾ. മില്ലിന്റെ പ്രതാപം വീണ്ടെടുത്താ‍ൽ കൊല്ലത്തിന്റെ മുഖഛായയ്ക്കു മാറ്റമുണ്ടാകും. സംസ്ഥാന ടെക്സ്റ്റൈൽ കോർപറേഷന്റെ പക്കലുണ്ടായിരുന്ന വസ്തു 1974ൽ ആണ് എൻടിസിക്കു കൈമാറിയത്. കുറച്ചു കാലം മിൽ നല്ല നിലയിൽ പ്രവർത്തിച്ചു.

എസ് കൃഷ്ണകുമാർ കേന്ദ്രമന്ത്രിയായപ്പോൾ 2 തവണ മിൽ നവീകരിച്ചു. അന്നു ജപ്പാനിൽ നിന്നു വരുത്തിയ അത്യാധുനിക എയർ ജെറ്റ് യന്ത്രവും കൂറ്റൻ ജനറേറ്ററും എല്ലാം ഉപയോഗശൂന്യമായി കിടക്കുകയാണ്. സ്പിൻഡിലുകൾ നശിച്ചു.

കേരളത്തിൽ എൻടിസിയുടെ കീഴിലുള്ള 5 മില്ലുകളിൽ കൊല്ലത്തേത്തു മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. തിരുവനന്തപുരത്തെ വിജയമോഹിനി മിൽ ഉൾപ്പെടെയുള്ളവ ഇപ്പോഴും പ്രവർത്തിക്കുന്നു. പാർവതി മിൽ 2002ൽ സ്വകാര്യവൽക്കരണത്തിനു ശ്രമിച്ചെങ്കിലും തൊഴിലാളി സംഘടനകളുടെ എതിർപ്പിനെ തുടർന്നു പരാജയപ്പെട്ടു.

സ്വകാര്യ സ്ഥാപനവുമായി കരാർ വരെ ആയതാണ്. മിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു അവർ കേസ് നൽകിയത് മറ്റൊരു വെല്ലുവിളിയായി മാറി. മില്ലിന്റെ പ്രവർത്തനം നിലച്ചു. ജീവനക്കാർക്ക് നാമമാത്ര ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും അടച്ചിട്ടിരിക്കുന്നതിനാൽ ശമ്പള വർധനയില്ല.

ഈ മാസം 3 ജീവനക്കാർ വിരമിക്കുന്നുണ്ട്. ഡിആർഡിഒയുമായി ചേർന്നു നാനോ ടെക്സ്റ്റൈൽ ടെക്നോളജി ഗവേഷണ കേന്ദ്രവും നാനോ ടെക്സ്റ്റൈൽ പാർക്കും ആരംഭിക്കണമെന്നു എൻ കെ പ്രേമചന്ദ്രൻ എംപി കഴിഞ്ഞ ദിവസം പാർലമെന്റിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇതിനുള്ള സാധ്യതാ പഠനത്തിന് വിദഗ്ധ സമിതി രൂപീകരിക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.മിൽ പ്രവർത്തന സജ്ജമാക്കാൻ മാനേജ്മെന്റ് തയാറായില്ലെങ്കിൽ എൻടിസിക്കു കൈമാറിയ വസ്തു സംസ്ഥാന സർക്കാർ തിരികെ ഏറ്റെടുക്കണമെന്ന ആവശ്യം ഉയരുന്നു. ഇവിടെ ഗവ മെഡിക്കൽ കോള‍ജ് സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ ശക്തമായിരുന്നു.

By Divya