കല്‍പ്പറ്റ:
ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനം മാറ്റിവെക്കേണ്ടി വന്നവരില്‍ പലര്‍ക്കും സാക്ഷരത മിഷന്‍ അത്താണിയാണ്. യുവാക്കള്‍ മുതല്‍ നൂറ് വയസ് കഴിഞ്ഞവര്‍ തുല്യത പഠനത്തിനായി എത്തുന്നുവെന്നതാണ് സാക്ഷരതാ മിഷന്‍റെ പ്രത്യേകത. ഇത്തരത്തില്‍ വേറിട്ട ഒരു തുല്യത പഠിതാവിന്റെ വിശേഷങ്ങളറിയാന്‍ സാക്ഷരതമിഷന്‍ ഡയറക്ടര്‍ ഡോ പി എസ് ശ്രീകല വയനാട്ടിലെത്തിയിരുന്നു.
പഠനം കൊണ്ട് രോഗദുരിതങ്ങളെ മറക്കുന്ന ആ പഠിതാവിന്റെ വിശേഷം കേട്ട് ഡയറക്ടര്‍ അത്ഭുതമായി. ജീവന്‍ പോകുന്നത് വരെ പഠിക്കണം, അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കണമെന്ന ആഗ്രഹിക്കുന്ന ഈ പഠിതാവ് മാനന്തവാടി വാളാട് കോളിച്ചാലിലെ കേശവന്‍ എന്ന അറുപത്തിയഞ്ചുകാരന്റേതാണ്.തിങ്കളാഴ്ചത്തെ ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷക്ക് തയ്യാറെടുക്കുകയാണ് കേശവേട്ടന്‍.
ക്യാന്‍സര്‍ രോഗം അലട്ടുമ്പോഴും വായനയും എഴുത്തും കൊണ്ട് വേദനകള്‍ മറക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസം സാക്ഷരത മിഷന്‍ ഡയറക്ടര്‍ ഡോ പി എസ് ശ്രീകല കേശവേട്ടനെ വിളിച്ചിരുന്നു. നേരില്‍ കാണണമെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്ന് ശനിയാഴ്ച അതിരാവിലെ തന്നെ ഡോ പി എസ് ശ്രീകല വയനാട്ടിലെ വീട്ടിലെത്തുകയായിരുന്നു. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ ഭാര്യ സുകുമാരിയോടൊപ്പം വീട്ടുമുറ്റത്ത് കാത്തുനില്‍ക്കുകയായിരുന്നു ഇദ്ദേഹം.
കേശവേട്ടനോട് സംസാരിക്കുന്നതിനിടെ ഡയറക്ടര്‍ അദ്ദേഹത്തിന്റെ നോട്ട്ബുക്കും ടെക്സ്റ്റ് ബുക്കും ആവശ്യപ്പെട്ടു. നോട്ട്ബുക്ക് മറിച്ച് നോക്കിയ അവര്‍ അത്ഭുതപ്പെട്ടു. വടിവൊത്ത അക്ഷരങ്ങള്‍, വാചകങ്ങളും ഖണ്ഡികകളും വൃത്തിയായി എഴുതിയിരിക്കുന്നു. ശേഷം അവര്‍ പ്ലസ്ടു മലയാളം തുല്യതാ പാഠപുസ്തകമെടുത്ത് വായിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വാര്‍ത്തയിലൂടെയാണ് കേശവേട്ടന്‍ എന്ന പഠിതാവിനെ കുറിച്ച് പി എസ് ശ്രീകല അറിഞ്ഞത്. കാന്‍സര്‍ രോഗിയാണെന്നും അറുപത്തിയഞ്ചു വയസിലും പരീക്ഷക്ക് തയ്യാറെടുക്കുകയാണെന്ന് കണ്ടതോടെ സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്ററില്‍ നിന്ന് ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. കവിതയെഴുത്തും കഥാപ്രസംഗവുമൊക്കെയായി രോഗത്തിന്റെ രോഗത്തിന്റെ അലട്ടല്‍ മറക്കുന്ന കേശവേട്ടന്‍ സാക്ഷരതാ മിഷന്റെ സംസ്ഥാന കലോത്സവ വിജയി കൂടെയാണ്.
കേശവേട്ടന്റെ പരിശോധനാ റിപ്പോര്‍ട്ടുകളെല്ലാം വീട്ടിലെത്തുന്നതിന് മുമ്പേ സാക്ഷരതമിഷന്‍ ഡയറക്ടര്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ നോബിള്‍ ഗ്രേഷ്യസിന് ഇവ അയച്ചു നല്‍കിയ അദ്ദേഹത്തില്‍ നിന്ന് കാര്യങ്ങള്‍ വിശദമായി മനസിലാക്കിയിരുന്നു. അതിന് ശേഷമാണ് തിങ്കളാഴ്ച തുടങ്ങുന്ന പരീക്ഷയ്ക്ക് മുന്‍പ് തന്നെ കേശവേട്ടനെ കാണണമെന്ന് ഡോ പി എസ് ശ്രീകലക്ക് തോന്നിയത്. യാത്ര പറഞ്ഞിറങ്ങാന്‍ തുടങ്ങുമ്പോള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കൂടി കേശവേട്ടന്‍ ടീച്ചറെ എടുത്തു കാണിച്ചു. മരുന്നുകള്‍ കൃത്യമായി കഴിക്കണമെന്നും പരീക്ഷ നന്നായി എഴുതണമെന്നും പറഞ്ഞാണ് ഡയറക്ടറും സംഘവും പടിയിറങ്ങിയത്.