Fri. Apr 19th, 2024
തിരൂർ:

വാഗൺ ദുരന്തത്തിന്റെ ചരിത്രവും ജില്ലയിൽ നടന്ന സ്വാതന്ത്ര്യ സമരങ്ങളുടെ രേഖകളും ഉൾപ്പെടുത്തി തിരൂരിൽ മ്യൂസിയം വരുന്നു. വാഗൺ ട്രാജഡിയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ചാണ് മ്യൂസിയം ഒരുക്കുന്നത്. സർക്കാർ സഹായത്തോടെ നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ പറഞ്ഞു.

നിലവിൽ തിരൂരിൽ വാഗൺ ട്രാജഡിയുടെ ഓർമയ്ക്കായി ടൗൺഹാൾ ഉണ്ട്. അതേ സമയം വാഗൺ ട്രാജഡി എന്ന പേര് മാറ്റണമെന്നു എംഎൽഎ കഴിഞ്ഞ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി നടന്ന സംഭവം ഒരു ദുരന്തമല്ലെന്നും അത് ബ്രിട്ടിഷ് പട്ടാളം മനഃപൂർവം നടത്തിയ കൂട്ടക്കുരുതി ആണെന്നുമാണ് ഇതിനു കാരണമായി എംഎൽഎ നിയമസഭയിൽ പറഞ്ഞിരുന്നത്.

ഇതും മ്യൂസിയത്തിന്റെ കാര്യവും പരിഗണിക്കാമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎൽഎ ഉറപ്പ് നൽകിയിട്ടുണ്ട്.ഇതിനായി ഇന്ന് വീണ്ടും മന്ത്രിയുമായി ചർച്ച നടത്തും. സർക്കാർ അനുകൂലമായ തീരുമാനം എടുത്താൽ സ്ഥലം കണ്ടെത്തി നൽകുമെന്ന് തിരൂർ നഗരസഭാധ്യക്ഷ എ പി നസീമയും പറഞ്ഞു.