ഓയൂർ:
പൊതുജനം ഫോൺ വിളിക്കുമ്പോൾ പ്രതികരിക്കേണ്ട രീതികൾ സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടറുടെ ചുമതല വഹിക്കുന്ന അഡീഷനൽ ഡയറക്ടർ എം പി അജിത്കുമാർ ഈ മാസം 15ന് പുറത്തിറക്കിയ സർക്കുലർ സംബന്ധിച്ച് പൂയപ്പള്ളി പഞ്ചായത്ത് അധികൃതർക്ക് ആശങ്കയേ ഇല്ല. കാരണം പ്രവർത്തിക്കുന്ന ഫോൺ ഉണ്ടെങ്കിലല്ലേ അതിൽ കോൾ വരുകയുള്ളൂ.
കോൾ വന്നാലല്ലേ സൗമ്യമായി സംസാരിക്കേണ്ടതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. ലാൻഡ് ലൈൻ ഫോൺ കേടായി മാസം നാല് കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ താൽപര്യമില്ലാത്തവരാണ് പൂയപ്പള്ളി പഞ്ചായത്തിലെ അധികൃതരെന്ന് പരാതി പറഞ്ഞ് മടുത്തിരിക്കുകയാണ് നാട്ടുകാർ.
ഫോൺ കേടായ വിവരം ഇവർ ഇതുവരെ ബി എസ് എൻ എല്ലിന് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൃത്യമായി ബിൽ അടയ്ക്കാൻ മറക്കാറില്ല. കോവിഡ് കാലത്ത് വിവിധ ആവശ്യങ്ങൾക്കായി വിളിക്കുന്ന ജനം നാലുമാസമായി നിരാശരാകുന്നതാണ് ഫലം.
വിളിച്ചാൽ ഫോൺ കിട്ടാത്തതിനാൽ പലർക്കും പഞ്ചായത്തിലേക്ക് നേരിട്ടെത്തേണ്ട അവസ്ഥയാണ്. കോവിഡ് കാലത്ത് ഇത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ഫോൺ വരുമ്പോൾ മൂന്ന് റിങ്ങിനകം എടുക്കണമെന്ന സർക്കുലർ പ്രാബല്യത്തിൽവന്ന നാട്ടിലാണ് ഈ അനാസ്ഥ.
ഫോണിൻ്റെ ചുമതല ഇവിടത്തെ ഹെഡ് ക്ലർക്കിനാണ്. ഫോൺ ശരിയാക്കാത്തത് സംബന്ധിച്ച് ചോദ്യം ചെയ്തവരോട് ഉദ്യോഗസ്ഥൻ തട്ടിക്കയറിയതായി പരാതിയുണ്ട്. ലാൻഡ് ഫോൺ കുറേക്കാലമായി കേടാണെന്ന് പഞ്ചായത്ത് സെക്രട്ടറിയും സമ്മതിക്കുന്നു. എന്നാൽ, എന്ന് ശരിയാക്കുമെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.