Wed. Nov 6th, 2024
തിരുവനന്തപുരം:

കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളെ ‘അഹിംസാ’മാർഗത്തിലൂടെ തുരത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൻ്റെ സഹായത്തോടെ ഉപകരണം വികസിപ്പിച്ച് ഇടുക്കിക്കാരുടെ സ്റ്റാർട്ടപ്പ് കമ്പനി.

ദീപു വർഗീസ്, പി എം മനീഷ് എന്നിവർ ചേർന്നു രൂപം നൽകിയ ഫാം 365 എന്ന സ്റ്റാർട്ട് അപ് ആണ് കൃഷിയിടങ്ങളിലെത്തുന്ന മൃഗങ്ങളെ റഡാർ സഹായത്തോടെ തിരിച്ചറിഞ്ഞ് തുരത്താൻ 3 ഡി ഇമേജ് സാങ്കേതികവിദ്യയും വെളിച്ചവും ശബ്ദവും സംയോജിപ്പിച്ചുള്ള ഉപകരണം വികസിപ്പിച്ചത്. കൃഷിയിടങ്ങളിലേക്ക് മൃഗങ്ങൾ എത്തുന്ന ഭാഗങ്ങളിൽ ഉപകരണം സ്ഥാപിച്ചാൽ ഏതു രാത്രിയിലും അവയെ തിരിച്ചറിഞ്ഞ് ശബ്ദ, വെളിച്ച സഹായത്തോടെ പേടിപ്പിച്ച് തുരത്തിയോടിക്കും.

മൃഗങ്ങളെ പിന്തിരിപ്പിക്കാൻ അവയെ വേട്ടയാടുകയോ പേടിപ്പിക്കുകയോ ചെയ്യുന്ന മൃഗങ്ങളുടെ ശബ്ദവും രൂപങ്ങളുമാണ് ഉപയോഗിക്കുക. കൃഷിയിടങ്ങൾ നശിപ്പിക്കുന്ന കാട്ടുപന്നി ഉൾപ്പെടെ 43 മൃഗങ്ങളെ തുരത്താനുള്ള സൗകര്യങ്ങളാണ് നിലവിൽ ഉപകരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

നഴ്സിങ് പഠിച്ച് ഐടി മേഖലയിലെത്തിയ ദീപു കഴിഞ്ഞ വർഷമാണ് നാട്ടിൽ തിരിച്ചെത്തി കൃഷിയിലേക്കു തിരിഞ്ഞത്. ഉപ്പുതറയിൽ തുടങ്ങിയ കപ്പ കൃഷി കാട്ടു പന്നികൾ തുടർച്ചയായി നശിപ്പിച്ചപ്പോഴാണ് ഐടിയുടെ സഹായത്തോടെ പരിഹാരം കാണാൻ ശ്രമിച്ചത്.

സ്വന്തം കൃഷിയിടത്തിൽ വിജയകരമായതോടെയാണ് സ്റ്റാർട്ട് മിഷനിൽ റജിസ്റ്റർ ചെയ്തത്. സോളർ വേലി ഉൾപ്പെടെയുള്ളവയ്ക്കു ചെലവഴിക്കുന്നതിന്റെ 70% തുക ഉപയോഗിച്ച് മൃഗങ്ങളെ തുരത്താൻ കഴിയുമെന്ന് ദീപു പറഞ്ഞു. സ്റ്റാർട്ടപ് മിഷന്റെ ഗ്രീൻ ഇന്നവേഷൻ ഫണ്ടിന്റെ ഭാഗമായി ഉപകരണം വികസിപ്പിക്കാൻ 3 ലക്ഷം രൂപ അനുവദിച്ചിരുന്നു. പേറ്റന്റിന് അപേക്ഷിക്കാനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്.

By Divya