Fri. Nov 22nd, 2024
കോഴിക്കോട്:

ബംഗളൂരുവിൽ ഒമ്പതിടത്ത്​​ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവർത്തിപ്പിച്ച്​ സൈനികനീക്കമടക്കം ചോര്‍ത്താന്‍ ശ്രമിച്ച കേസിൽ ബംഗളൂരു തീവ്രവാദവിരുദ്ധസെല്‍ അറസ്​റ്റു​െചയ്​ത മലപ്പുറം സ്വദേശിയെ കേരള പൊലീസ് കസ്​റ്റഡിയിൽ വാങ്ങി.
മഞ്ചേരി സ്വദേശി ഇബ്രാഹീം പുല്ലാട്ടിനെയാണ്​ സി-ബ്രാഞ്ച് സംഘം കസ്​റ്റഡിയിൽ വാങ്ങിയത്​. പ്രൊഡക്​ഷന്‍ വാറൻറിന് അപേക്ഷിച്ച കേരള പൊലീസിന്​ പ്രതിയെ കൈമാറാന്‍ ബംഗളൂരു കോടതി അനുമതി നല്‍കുകയായിരുന്നു.

നിലവിൽ പരപ്പന അഗ്രഹാര ജയിലിലുള്ള ഇയാളെ കോഴിക്കോ​ട്ടെ ജയിലിലേക്ക്​ മാറ്റിയശേഷം ചോദ്യം ചെയ്യും.തുടർന്ന്​ ആവശ്യമെങ്കിൽ ഇവിടത്തെ കേസിൽ അറസ്​റ്റ് ​രേഖപ്പെടുത്തും. കോഴിക്കോട്​ നഗരത്തിൽ സമാന്തര ടെലിഫോൺ എക്​സ്​​ചേഞ്ചുകൾ പ്രവർത്തിപ്പിച്ച പ്രതികൾക്ക് ഇയാളുമായി ബന്ധം സ്​ഥിരീകരിച്ചതിന്​ പിന്നാലെയാണ്​ കേരള പൊലീസ്​ നടപടി. ​സൈനികനീക്കം ചോർത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മിലിട്ടറി ഇൻറലിജന്‍സ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ ജൂൺ ആദ്യം പിടികൂടിയത്.