മേപ്പയ്യൂർ:
അപ്രതീക്ഷിതമായി അധ്യാപകർ വീട്ടിലെത്തിയത് കണ്ടപ്പോൾ ആറാം ക്ലാസുകാരിയായ അനാമിക സന്തോഷിച്ചു. കൊവിഡ് കാരണം പ്രിയപ്പെട്ട ഗുരുനാഥരെ കണ്ടിട്ട് കാലമേറെയായി. ആദ്യം പുഞ്ചിരിച്ച അനാമിക ഒടുവിൽ പൊട്ടിക്കരയുന്നതിന് അധ്യാപകരും സാക്ഷിയായി.
കീഴ്പയൂരിലെ മുന്നൂറാംകണ്ടി കോളനിയിലെ ചാലുപറമ്പിൽ കേളപ്പന്റെ മകൾ അനാമികയ്ക്ക് ഓൺലൈൻ ക്ലാസിന് ഫോൺ സൗകര്യമില്ലെന്നറിഞ്ഞ് പിടിഎ ഭാരവാഹികളും അധ്യാപകരും ഫോണുമായി എത്തിയപ്പോഴാണ് വീടിന്റെ പരിതാപകരമായ കാഴ്ച അവർ കണ്ടത്.ഓല കൊണ്ടും ടാർപോളിൻ കൊണ്ടും മറച്ച ചെറിയ ഒറ്റമുറിയാണ് വീട്. അടുക്കളയും കിടപ്പുമുറിയും പഠന മുറിയുമെല്ലാം അതിൽ തന്നെ.
കീഴ്പയൂർ എയുപി സ്കൂളിലെ ആറാം ക്ലാസിലാണ് അനാമിക. ചേട്ടൻ അരുൺ മേപ്പയൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിനും പഠിക്കുന്നു. പിടിഎ ഭാരവാഹികളും അധ്യാപകരും നൽകിയ ഫോൺ കയ്യിൽ കിട്ടിയപ്പോൾ ആദ്യം അനാമികയ്ക്ക് നിറഞ്ഞ പുഞ്ചിരി. ഉപയോഗിക്കുന്നതിന് മുൻപ് കുറച്ച് സമയം ചാർജ് ചെയ്യണമെന്ന് അധ്യാപകൻ പറഞ്ഞപ്പോൾ അനാമികയുടെ മുഖം വാടി. ചിരി മാഞ്ഞു.
പിന്നീട് അവൾ പൊട്ടിക്കരഞ്ഞു. വീട്ടിൽ വൈദ്യുതിയില്ല. ഇപ്പോൾ ഷെഡ് കെട്ടിയ സ്ഥലം അവരുടേതല്ല. നിയമപരമായി അവർക്കു കിട്ടാനും പ്രയാസമാണ്. കൂലിത്തൊഴിൽ എടുത്തിരുന്ന അച്ഛൻ കേളപ്പനും അമ്മ ലതയ്ക്കും ഇപ്പോൾ ജോലിയില്ല.
വരുമാനമില്ലാതായപ്പോൾ നിലക്കടല വറുത്ത് വിൽപന തുടങ്ങി. കൊവിഡ് രൂക്ഷമായതോടെ അതും നിലച്ചു. പഠിക്കാൻ മിടുക്കിയാണ് അനാമിക. ഇന്നത്തെ ക്ലാസ് കണ്ടോ എന്ന അധ്യാപികയുടെ ചോദ്യത്തിന് അതേ എന്ന് ഉത്തരം.
എവിടെ നിന്ന് എന്ന മറുചോദ്യം വരുന്നതിനു മുൻപേ അനാമിക തൊട്ടടുത്ത വീടു ചൂണ്ടി അവിടുത്തെ ടിവിയിൽ എന്ന് പറഞ്ഞു. പഠനവുമായി ബന്ധപ്പെട്ട അധ്യാപകരുടെ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം. ഈ കുടുംബം കരകയറാൻ ആദ്യം സ്വന്തമായി ഭൂമി വേണം.
ഭൂമി ലഭ്യമായാലും പഞ്ചായത്തിൽ നിലവിലുള്ള ലൈഫ് ഗുണഭോക്താക്കളുടെ നീണ്ട ലിസ്റ്റാണ്. നിലവിൽ അവർ താമസിക്കുന്ന തുണ്ടു ഭൂമിക്കു രേഖയില്ല. അതുകൊണ്ടു തന്നെ പഞ്ചായത്തിന്റെ ലൈഫ് ഭവനപദ്ധതിയും അന്യം.