Wed. Jan 22nd, 2025
കണ്ണൂർ:

ഉത്തര മലബാറിലെ വൈദ്യുതി പ്രസരണ ശൃംഖല ശക്തിപ്പെടുത്താനുള്ള 336 കോടിയുടെ ‘കോലത്തുനാട്‌ ലൈൻ സ്‌ട്രെങ്‌തനിങ്‌’ പാക്കേജ്‌ ത്വരിതഗതിയിൽ പുരോഗമിക്കുന്നു. കണ്ണൂർ, കാസർകോട്‌ ജില്ലകളിലെ വൈദ്യുതി വികസനത്തിന്‌ വെളിച്ചം പകരുന്നതാണ്‌ പദ്ധതി. കിഫ്‌ബി ഫണ്ട്‌ വിനിയോഗിച്ചാണ്‌ പ്രവൃത്തി.

കണ്ണൂരിലെ കാഞ്ഞിരോടുനിന്ന്‌ കാസർകോട്‌ മൈലാട്ടിയിലേക്കുള്ള 220 കെവി ലൈനിന്‌ പുറമെ 220/110 കെവി മൾട്ടി വോൾട്ടേജ്‌ ലൈനും സ്ഥാപിക്കും.ട്രാൻസ്‌ഗ്രിഡ്‌ 2.0 പദ്ധതിയുടെ ഭാഗമാണ്‌ കോലത്തുനാട്‌ പാക്കേജ്‌. കാഞ്ഞിരോട്‌ മുതൽ മുണ്ടയാടുവരെ പഴയ 66 കെവി ലൈൻ റൂട്ടിലും മുണ്ടയാട്‌ മുതൽ മൈലാട്ടിവരെ നാരോ ബേസ്‌ഡ്‌ ടവർ സ്ഥാപിച്ചും 220 കെവി ലൈനും താഴെ 110 കെവി ലൈനും വലിക്കും.

പയ്യന്നൂർ മുതൽ ചെറുവത്തൂർവരെ ടവർ നിർമിച്ച്‌ ലൈൻ വലിക്കുന്ന പ്രവൃത്തി പൂർത്തിയായി. ബാക്കി സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കുന്ന പണി വേഗതയിലാണ്‌.പാക്കേജിന്റെ ഭാഗമായി തലശേരിയിൽ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 220 കെവി ഗ്യാസ്‌ ഇൻസുലേറ്റഡ്‌ (ജിഐഎസ്‌) സബ്‌സ്‌റ്റേഷൻ സ്ഥാപിക്കുന്നുണ്ട്‌.

മുണ്ടയാട്‌ മുതൽ തലശേരി വരെയുള്ള 66 കെവി ലൈൻ റൂട്ട്‌ ഉപയോഗിച്ചാണ്‌ 220 കെവി ലൈൻ വലിക്കുന്നത്‌. നാരോ ബേസ്‌ഡ്‌ ടവറുകളിലൂടെയാണ്‌ ഇവിടെയും ലൈൻ സ്ഥാപിക്കുന്നത്‌. 220/110 കെവി മൾട്ടി സർക്യൂട്ട്‌–മൾട്ടി വോൾട്ടേജ്‌ ടവറുകളാണിത്‌.

ഈ ടവറിലൂടെയാണ്‌ 220, 110 കെവി ലൈൻ വലിക്കുന്നത്‌. ഇതിൽ കാടാച്ചിറ മുതൽ ഉമ്മൻചിറവരെയുള്ള ഭാഗങ്ങളിൽ ടവർ സ്ഥാപിച്ച്‌ ലൈൻ പ്രവൃത്തി തുടങ്ങി. ബാക്കിയിടത്ത്‌ ടവർ സ്ഥാപിക്കുകയാണ്‌.

കാസർകോട്‌ കരിന്തളത്ത്‌ 400 കെവി സബ്‌സ്‌റ്റേഷൻ പവർ ഗ്രിഡ്‌ കോർപ്പറേഷൻ സ്ഥാപിക്കുന്നുണ്ട്‌. കർണാടകത്തിലെ ഉഡുപ്പിയിൽനിന്ന്‌ കരിന്തളത്തേക്ക്‌ 440 കെവി ലൈനും കോർപ്പറേഷൻ വലിക്കും. വയനാട്ടിൽനിന്നും കരിന്തളത്തേക്ക്‌ കെഎസ്‌ഇബി 400 കെവി ലൈൻ സ്ഥാപിക്കും. ഇതിന്റെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്‌. അസി എക്‌സിക്യൂട്ടീവ്‌ എൻജിനിയർമാരായ കൃഷ്‌ണേന്ദു, പത്മനാഭൻ, മനോജ്‌കുമാർ എന്നിവരാണ്‌ മേൽനോട്ടം.