അമ്പലപ്പുഴ:
തോട്ടപ്പള്ളിയിൽ മണൽ ഖനനവിരുദ്ധ സമിതി പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ്. വെള്ളിയാഴ്ച രാവിലെ 11ഓടെയുണ്ടായ സംഭവത്തിൽ ആറുപേര്‍ക്ക് പേർക്ക് പരിക്കേറ്റു.
സമരസമിതി വൈസ് ചെയര്മാന് നങ്ങ്യാര്‍കുളങ്ങര ചക്കാലത്ത് ഭദ്രന് (59), തോട്ടപ്പള്ളി അമ്പാടിയില്‍ രാജു (52), കേരള മത്സ്യസംസ്കരണ തൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറി പുന്നപ്ര ലക്ഷംവീട്ടില്‍ സുബൈദ(47), ധീവരസഭ 62ാം നമ്പര്‍ ശാഖ പ്രസിഡൻറ് തോട്ടപ്പള്ളി പൂത്തോപ്പ് വിപിന്‍ വിശ്വംഭരന് (45), യൂത്ത് കോണ്‍ഗ്രസ് പുറക്കാട് ഒമ്പതാം വാര്‍ഡ് പ്രസിഡൻറ് തോട്ടപ്പള്ളി വെട്ടക്കല്‍ പ്രണവ് (28), പുതുവല്‍ ഷാജി (60) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
എല്ലാവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി. അമിതഭാരം കയറ്റിയ ടോറസ് ലോറി പല്ലന-തോട്ടപ്പള്ളി റോഡിലൂടെ പോകരുതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. രാവിലെ മണല്‍ കയറ്റിയ ലോറി റോഡിലേക്ക് കയറ്റാതിരിക്കാന്‍ സമരസമിതി പ്രവര്‍ത്തകര്‍ തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാര്ക്കിന് സമീപത്തെ വഴി തടസ്സപ്പെടുത്തിയിരുന്നു.
വിവരമറിഞ്ഞെത്തിയ അമ്പലപ്പുഴ പൊലീസ് പ്രവര്‍ത്തകരെ നീക്കംചെയ്യാന്‍ ശ്രമിച്ചത് വാക്കേറ്റത്തിനും ബലപ്രയോഗത്തിനും വഴിയൊരുക്കി. ഇതിനിടയിലാണ് ചിലര്‍ക്ക് പരിക്കേറ്റത്. എന്നാല്‍, സമാധാനപരമായി സമരം നടത്തിയവർക്കുനേർക്കാണ് പൊലീസ് അതിക്രമം കാട്ടിയതെന്ന് സമരസമിതി നേതാക്കള്‍ ആരൊപിച്ചു.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പുരുഷ പൊലീസുകാര്‍ കൈയേറ്റം ചെയ്തതായും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍, സമരക്കാര്‍ പൊലീസിനുനേരെ അക്രമം അഴിച്ചുവിട്ടപ്പോള്‍ തടയുകയായിരുന്നെന്നാണ് അമ്പലപ്പുഴ പൊലീസ് പറയുന്നത്. വാഹനം തടഞ്ഞ പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തങ്ങളെ അറസ്റ്റ് ചെയ്ത് നീക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. ഇതിന് സഹകരിക്കണമെന്നാവശ്യപ്പെട്ട പൊലീസിന് നേരെ കൈയേറ്റശ്രമം നടത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.