Sun. Dec 22nd, 2024
കടുത്തുരുത്തി:

തോട്ടുവാ റോഡിൽ പുളിഞ്ചുവടിന് സമീപത്ത് സ്ഥിരമായുണ്ടാകുന്ന വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും പരിഹാരം ഉണ്ടാക്കുന്നതിനായി ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, പഞ്ചായത്തംഗം എൻ ബി സ്മിത പൊതുമരാമത്ത് വകുപ്പ് അധികൃതർ എന്നിവരാണ് റോഡിൽ പരിശോധന നടത്തിയത്.

വെള്ളക്കെട്ടിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പരിസരവാസികളും നാട്ടുകാരും നൽകിയ പരാതിയെ തുടർന്നാണ് ജനപ്രതിനിധികൾ പൊതുമരാമത്ത് വകുപ്പ് അധികൃതരെ വിളിച്ചു വരുത്തിയത്. ചെറിയ മഴ പെയ്താൽ പോലും ഈ ഭാഗത്ത് റോഡിൽ മുട്ടറ്റം വെള്ളം നിറയുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണ്. പരിസരത്തുള്ള വീടുകളിലും റബർ ഗോഡൗണും വെള്ളത്തിലാകും.

റോഡിന് ഇരുവശവും ഓട കയ്യേറി മതിലുകൾ നിർമിച്ചതും ഓടയ്ക്ക് കുറുകെ പലരും കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ചതും വെള്ളക്കെട്ടിന് കാരണമാകുന്നതായി നാട്ടുകാർ ജനപ്രതിനിധികളോട് പരാതിപ്പെട്ടു. പല ഭാഗത്തു നിന്നും ഒഴുകിയെത്തിയിരുന്ന വെള്ളം സമീപത്തെ പാടത്തു കൂടി വലിയ തോട്ടിലേക്കാണ് ഒഴുകിയിരുന്നത്. പാടം മണ്ണിട്ട് നികത്തിയതും മൂലം വെള്ളം ഒഴുകി പോകാൻ കഴിയുന്നില്ല.

പഴയ തിയറ്റർ ഭാഗം മുതൽ ഓട മണ്ണും പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറഞ്ഞ നിലയിലാണ്. നിലവിലുള്ള ഓടയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്യാൻ നിർ‌ദേശം നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു എന്നിവർ അറിയിച്ചു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിന് സമീപവാസികളുമായി ചർച്ച നടത്തി നടപടികൾ സ്വീകരിക്കാൻ‌ തീരുമാനിച്ചതായി ജനപ്രതിനിധികൾ അറിയിച്ചു.

By Divya