Sun. Dec 22nd, 2024

തിരുവില്വാമല∙

ലെക്കിടി റെയിൽവേ മേൽപാല നിർമാണത്തിനുള്ള നടപടികൾ എങ്ങുമെത്തിയില്ല. പാലക്കാട്–തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലെ റെയിൽവേ ഗേറ്റിലെ ജനങ്ങളുടെ കാത്തുനിൽപ് ദുരിതം തുടരുന്നു. തിരുവില്വാമല, പഴയന്നൂർ മേഖലകളിലുള്ളവർക്ക് ഒറ്റപ്പാലത്തെ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു പോകാനുള്ള ഏക പാതയിലാണു ഗേറ്റ്.

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം, പാമ്പാടി ശ്മശാനം, ചൂലന്നൂർ മയിൽ സങ്കേതം, കോട്ടായി ചെമ്പൈ ഗ്രാമം, പഴയന്നൂർ എന്നിവിടങ്ങളിലേക്കായി ഒറ്റപ്പാലം, ലെക്കിടി ഭാഗത്തു നിന്നു ഒട്ടേറെ ആളുകൾ ഇതു വഴി കടന്നു പോകുന്നുണ്ട്. ഒരു ദിവസം അമ്പതോളം തവണ ഗേറ്റ് അടയ്ക്കുന്നതു കാരണം മണിക്കൂറുകളാണു ഗതാഗതം തടസ്സപ്പെടുന്നത്.

യാത്രാ തടസ്സം പതിവായപ്പോൾ ലെക്കിടി–പേരൂർ, തിരുവില്വാമല പഞ്ചായത്തുകളിലെ നാട്ടുകാർ ചേർന്നു ജനകീയ സമിതി രൂപീകരിച്ച്,മേൽപാലം വേണമെന്ന ആവശ്യവുമായി മുന്നോട്ടു വരികയായിരുന്നു. വികെ ശ്രീകണ്ഠൻ എംപി കേന്ദ്ര റെയിൽവേ മന്ത്രിക്കു മേൽപാലത്തിനായി നിവേദനം നൽകിയെങ്കിലും ലെക്കിടി–തിരുവില്വാമല റോഡ് ദേശീയപാത അല്ലാത്തതിനാൽ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന മറുപടിയാണു ലഭിച്ചത്. പിന്നീട് സംസ്ഥാന സർക്കാർ ബജറ്റിൽ ഇടം നൽകിയെങ്കിലും നടപടിക്രമങ്ങൾ ഇതു വരെ മുന്നോട്ടു പോയിട്ടില്ല.

By Rathi N