Wed. Jan 22nd, 2025
കുറിച്ചിത്താനം:

നൂറ്റാണ്ടുകൾ പഴക്കമുള്ള സർപ്പക്കാവിനോട് ചേർന്നുള്ള വനദുർഗാ ക്ഷേത്രം നവീകരിക്കുന്നതിനൊപ്പം ഒരു ഏക്കർ ഭൂമിയിൽ നക്ഷത്രവനം, നവഗ്രഹ ഉദ്യാനം, ഔഷധത്തോട്ടം എന്നിവ ഒരുക്കി മക്കളുടെ പേര് നൽകുകയാണ് ബ്ലോഗറും എഴുത്തുകാരനുമായ അനിയൻ തലയാറ്റുംപിള്ളി.

കുറിച്ചിത്താനം തലയാറ്റുംപിള്ളി മനയിലാണു വേറിട്ട കാഴ്ച. അനിയൻ തലയാറ്റുംപിള്ളി– ലീല അന്തർജനം ദമ്പതികളുടെ മക്കളായ തുഷാര, വർഷ, വരുൺ എന്നിവരുടെ പേരുകളാണ് ഓരോ പദ്ധതിക്കും നൽകുക. നക്ഷത്രവനത്തിനു തുഷാരം, നവഗ്രഹവനത്തിന് വർഷം, മനുഷ്യരൂപത്തിൽ തയാറാകുന്ന ഔഷധത്തോട്ടത്തിനു വരുണം എന്നും പേര്. ആദ്യഘട്ട ജോലികൾ പൂർത്തിയായി.

ഓണക്കാലത്തു നിർമാണം പൂർത്തിയാക്കി സമർപ്പണം നടത്തുമെന്നു അനിയൻ തലയാറ്റുംപിള്ളി പറഞ്ഞു. മനയുടെ വടക്കു കിഴക്കേ ഭാഗത്താണു നൂറ്റാണ്ടുകൾ പഴക്കമുള്ള സർപ്പക്കാടും ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താൻ തീരുമാനിച്ചപ്പോഴാണ് അനിയൻ തലയാറ്റുംപിള്ളി തൊട്ടടുത്ത ഒരു ഏക്കർ ഭൂമിയിൽ വനം നിർമിക്കാൻ പദ്ധതി തയാറാക്കിയത്.

വെറും വനം അല്ല. ഔഷധച്ചെടികളും ഫലവൃക്ഷങ്ങളും വളരുന്ന വേറിട്ട വനം. നക്ഷത്രവനത്തിൽ 27 ജന്മനക്ഷത്രങ്ങൾക്കു അനുയോജ്യമായ വൃക്ഷങ്ങൾ നട്ടുവളർത്തും. ഇതിനു മധ്യത്തിൽ ചെറിയൊരു പൂന്തോട്ടവും ജലാശയവും ഇരിപ്പിടങ്ങളും. നവഗ്രഹ ഉദ്യാനമാണ് മറ്റൊരു ആകർഷണം. ഇവിടെയും വളരും അത്തിയും കരിഞ്ഞാലിയും കടലാടിയും ദർഭപ്പുല്ലും. ഔഷധ ഉദ്യാനം മനുഷ്യരൂപത്തിൽ നിർമിക്കാനാണ് പദ്ധതി.

ഓരോ അവയവങ്ങൾക്കും ആവശ്യമായ ആയുർവേദ ഔഷധ സസ്യങ്ങൾ ഇവിടെ വളരും. നീണ്ടു നിവർന്നു കിടക്കുന്ന മനുഷ്യന്റെ രൂപത്തിലുള്ള ഉദ്യാനത്തിൽ അറുപതിലധികം ഒൗഷധ സസ്യങ്ങൾ വേണ്ടിവരും. സംഘടിപ്പിക്കാൻ പ്രയത്നം വേണ്ടിവരുമെന്നും യാഥാർഥ്യമാക്കുമെന്നും അനിയന്റെ ഉറപ്പ്.

അനിയൻ തലയാറ്റുംപിള്ളിയുടെ പരിശ്രമത്തിനു വനംവകുപ്പും പരിസ്ഥിതിസ്നേഹികളും പിന്തുണ അറിയിച്ചിട്ടുണ്ട്. കാർഷിക കോളജിലെ റിട്ട പ്രഫസർ നീലേശ്വരം സ്വദേശി ഡോ. രാജഗോപാൽ സാങ്കേതിക സഹായം നൽകും. മണ്ണുത്തി കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ടു പ്രവർത്തനം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

By Divya