തിരുവനന്തപുരം:
സോഫ്റ്റ്വെയർ അധിഷ്ഠിതമായ സമ്പൂർണ ഡിജിറ്റൽ ഓൺലൈൻ പരീക്ഷ സംവിധാനത്തിന് രൂപം നൽകാൻ സാങ്കേതിക സർവകലാശാല (കെ ടി യു) സിൻഡിക്കേറ്റ് തീരുമാനിച്ചു. ഇതിന് ഇൻറർനാഷനൽ സൻെറർ ഫോർ ഫ്രീ ആൻഡ് ഓപൺ സോഴ്സ് സോഫ്റ്റ്വെയറിനെ (ഐ സി ഫോസ്) ടെക്നിക്കൽ കൺസൾട്ടൻറ് ആയി നിയമിക്കും. ഓൺലൈൻ പരീക്ഷകളുമായി ബന്ധപ്പെട്ട് ഇ-ഗവേണൻസ് കമ്മിറ്റി നൽകിയ നിർദേശം സിൻഡിക്കേറ്റ് അംഗീകരിക്കുകയായിരുന്നു.
ഒരുവർഷത്തിനകം നിലവിൽവരുന്നവിധമുള്ള ഓൺലൈൻ പരീക്ഷാ സംവിധാനമാണ് ലക്ഷ്യം. സമ്പൂർണ ഓൺലൈൻ പരീക്ഷാ സംവിധാനം നിലവിൽവരുന്നതുവരെ ഉപയോഗിക്കാൻ കഴിയുന്ന പ്രൊപ്രൈറ്ററി സോഫ്റ്റ്വെയർ തെരഞ്ഞെടുക്കാനും ഐ സി ഫോസിൻെറ സാങ്കേതികസഹായം ഉപയോഗിക്കും. ഓൺലൈൻ പരീക്ഷകൾക്കുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്വെയറിൻെറ സാങ്കേതികപ്രശ്നങ്ങൾ സംബന്ധിച്ച് മോഡൽ എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ ഡോ വിനു തോമസിൻെറ നേതൃത്വത്തിലുള്ള വിദഗ്ധസമിതി സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് തീരുമാനം.
ഡിജിറ്റൽ വിഭജനം പരിഹരിക്കുന്നതിൻെറ ഭാഗമായി അഫിലിയേറ്റഡ് കോളജുകളിലെ ആയിരത്തോളം അർഹരായ വിദ്യാർഥികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ലാപ്ടോപ്പുകൾ നൽകും. ഇതിന് ആദ്യഘട്ടത്തിൽ നാലരക്കോടി രൂപ ചെലവഴിക്കാനും അനുമതി നൽകി. വൈസ് ചാൻസലർ ഡോ എം എസ് രാജശ്രീ അധ്യക്ഷതവഹിച്ചു.