Fri. Nov 22nd, 2024

കൊച്ചി:

ബ്രഹ്മപുരം പ്ലാന്റിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം ബയോമൈനിങ്ങിലൂടെ സംസ്‌കരിക്കാനുള്ള പദ്ധതിക്ക്‌ കൊച്ചി കോർപറേഷൻ കൗൺസിലിന്റെ അംഗീകാരം. മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കാനുള്ള പ്ലാന്റ്‌ സ്ഥാപിക്കാൻ 20 ഏക്കർ ഭൂമി കെഎസ്‌ഐഡിസിക്ക്‌ കൈമാറാനും തീരുമാനിച്ചു. ടൗൺ ഹാളിൽ ചേർന്ന പ്രത്യേക കൗൺസിലിൽ മണിക്കൂറുകൾ നീണ്ട ചർച്ചയ്‌ക്കൊടുവിൽ പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ്‌ പദ്ധതിക്ക്‌ അംഗീകാരം നൽകിയത്‌.

മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം അതീവഗുരുതര സാഹചര്യമാണുള്ളതെന്ന്‌ മേയർ എം അനിൽകുമാർ പൊതുചർച്ചയ്‌ക്ക്‌ മറുപടിയായി പറഞ്ഞു. ഇത്‌ സംസ്‌കരിക്കാൻ മുൻ കൗൺസിലിന്റെ കാലത്ത്‌ അഞ്ചുതവണ ടെൻഡർ ക്ഷണിച്ചിരുന്നു. അത്‌ നടക്കാതെവന്നതിനാലാണ്‌ പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുത്തത്‌.

ടെൻഡർ നടപടിക്ക്‌ കെഎസ്‌ഐഡിസിയെ ചുമതലപ്പെടുത്തി. ദേശീയ ഹരിത ട്രിബ്യൂണലും വിഷയത്തിൽ ഇടപെട്ടു. പദ്ധതി നീണ്ടുപോകുന്നതിൽ അതൃപ്‌തി രേഖപ്പെടുത്തിയ ട്രിബ്യൂണൽ എത്രയുംവേഗം ബയോമൈനിങ് നടത്തണമെന്ന്‌ അന്ത്യശാസനം നൽകിയ സാഹചര്യത്തിലാണ്‌ പ്രത്യേക കൗൺസിൽ ചേർന്ന്‌ തീരുമാനമെടുത്തത്‌.

ബയോമൈനിങ്ങിന്‌ ആവശ്യമായ പണത്തിന്റെ പകുതി കണ്ടെത്താൻ കോർപറേഷന്‌ പ്രയാസമുണ്ടെന്ന്‌ സർക്കാരിനെ അറിയിക്കുമെന്ന്‌ മേയർ പറഞ്ഞു. കൗൺസിലിന്റെ അംഗീകാരത്തോടെയല്ലാതെ ഇതിനായി നഗരസഭയുടെ പണം ചെലവഴിക്കില്ല. ബയോമൈനിങ് കരാർ നൽകിയിട്ടുള്ള കമ്പനിയെക്കുറിച്ച്‌ കൗൺസിലിൽ ഉയർന്ന ആശങ്കകളും സർക്കാരിനെ അറിയിക്കും.

ഈ വിഷയത്തിൽ കൗൺസിലിൽ നടന്ന ചർച്ചയുടെ മിനിട്‌സും കൈമാറും. സോൻഡ ഇൻഫ്രാ ടെക്‌ എന്ന സ്ഥാപനത്തിനാണ്‌ കെഎസ്‌ഐഡിസി ടെൻഡർ നൽകിയിട്ടുള്ളത്‌. കലിക്കറ്റ്‌ ഐഐടിയെ നിയോഗിച്ച്‌ നഗരസഭ കെട്ടിക്കിടക്കുന്ന മാലിന്യത്തിന്റെ അളവ്‌ കണക്കാക്കിയിരുന്നു. അതനുസരിച്ച്‌ 4,75,139 ക്യുബിക്‌ മീറ്റർ മാലിന്യമാണ്‌ നീക്കാനുള്ളത്‌.

പദ്ധതിക്ക്‌ 54.90 കോടി രൂപയാണ്‌ ചെലവ്‌ കണക്കാക്കിയിട്ടുള്ളത്‌. മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതിക്ക്‌ ബ്രഹ്മപുരത്തെ 20 ഏക്കർ സ്ഥലം പാട്ടവ്യവസ്ഥയിൽ കെഎസ്‌ഐഡിസിക്ക്‌ കൈമാറണമെന്ന്‌ സംസ്ഥാന സർക്കാർ മുൻ കൗൺസിലിനോട്‌ പലതവണ ആവശ്യപ്പെട്ടിരുന്നതാണ്‌. എന്നാൽ, തീരുമാനമുണ്ടായില്ല. തുടർന്നാണ്‌ അടിയന്തര തീരുമാനമെടുത്ത്‌ അറിയിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്‌.

ബ്രഹ്മപുരം പ്ലാന്റിന്റെ നടത്തിപ്പിന്‌ പുതിയ കരാറുകാരെ കണ്ടെത്തുന്ന കാര്യത്തിൽ റീടെൻഡർ നടത്താനുള്ള ആവശ്യത്തിൽ കൗൺസിൽ തീരുമാനമായില്ല. പ്രതിപക്ഷത്തുനിന്നുണ്ടായ എതിർപ്പാണ്‌ കാരണം.

By Rathi N