Sun. Dec 22nd, 2024

ഏലൂർ:

കുറ്റിക്കാട്ടുകര ഇടമുള ജംക്‌ഷനിലെ ട്രാഫിക് റൗണ്ടിൽ നാട്ടുകാർ നട്ടുവളർത്തിയ ലക്ഷ്മിതരു വൃക്ഷം വെട്ടി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി. മരം വെട്ടിമാറ്റിയ സ്ഥലത്ത് നഗരസഭാ ചെയർമാൻ എ‍ഡി സുജിലിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ ലക്ഷ്മിതരുവിന്റെ തൈകൾ നട്ടു. ട്രാഫിക് റൗണ്ടിൽ പരസ്യബോർഡ് സ്ഥാപിച്ചിട്ടുള്ള സ്വകാര്യ കമ്പനിയോട് 100 വൃക്ഷത്തൈകൾ നട്ടു ട്രീഗാർഡുകൾ സ്ഥാപിച്ചു സംരക്ഷിക്കാൻ നഗരസഭാധ്യക്ഷൻ നിർദേശം നൽകി.

നഗര സഭയുടെയോ മരാമത്തു വകുപ്പിന്റെയൊ വനവകുപ്പിന്റെയോ അനുമതിയില്ലാതെയാണു മരം വെട്ടിയത്. മരം നശിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി പികെ സുഭാഷ് അറിയിച്ചു. പൊലീസിലും പരാതി നൽകും. തങ്ങൾ 5 വർഷമായി പരിപാലിച്ചു വളർത്തിയ മരം നശിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് നാട്ടുകാരും അറിയിച്ചു.

ട്രാഫിക് റൗണ്ടിൽ ആരോഗ്യത്തോടെ വളർന്നു നിന്നിരുന്ന ഒൗഷധ വൃക്ഷം കാരണമൊന്നും കൂടാതെ വെട്ടി നശിപ്പിച്ചതിൽ പ്രതിഷേധിച്ചു യൂത്ത്കോൺഗ്രസ് പ്രവർത്തകർ പരസ്യബോർഡിൽ കരിഓയിൽ ഒഴിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് അൻവർ കരീം, ജനറൽ സെക്രട്ടറി അഖിൽ, മുനീർ പാതാളം എന്നിവർ നേതൃത്വം നൽകി. വൃക്ഷം നശിപ്പിച്ചവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നു യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

By Rathi N