Wed. Jan 22nd, 2025

കളമശേരി:

കളമശേരി നഗരസഭയിൽ പാചകത്തിന്‌ പ്രകൃതിവാതകം ലഭ്യമാക്കുന്നതിൽ ഗുരുതര വീഴ്ച. എൽപിജിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ഏറെ ആശ്വാസകരമാകുമായിരുന്ന പദ്ധതി നഗരസഭ ഭരണനേതൃത്വം ഇടപെട്ട് നിഷേധിക്കുന്നതായാണ് ആക്ഷേപം. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ലിമിറ്റഡാണ്‌ (ഐഒഎജിഎൽ) സിറ്റി ഗ്യാസ് എന്നപേരിൽ പദ്ധതി നടപ്പാക്കുന്നത്.

ആദ്യഘട്ടമായി ആറു വാർഡുകളിൽ റോഡിലൂടെ പൈപ്പുലൈൻ സ്ഥാപിച്ച് വീടുകൾക്ക് കണക്ഷൻ നൽകാൻ സമ്മതപത്രം നൽകിയതല്ലാതെ ഒരു വാർഡിനുപോലും നഗരസഭ പിന്നീട് അനുമതി നൽകിയിട്ടില്ല. അനുമതി കൊടുത്ത വാർഡുകളിലെ ജോലി ഏജൻസി പൂർത്തിയാക്കിയില്ല എന്നതാണ്‌ കാരണമായി പറയുന്നത്‌.

പൈപ്പിടലും കണക്ഷൻ നൽകലും കഴിഞ്ഞശേഷവും ഓരോ വാർഡിലും പുതുതായി കണക്ഷൻ വേണമെന്ന ആവശ്യമുയരുകയും പുതിയ വീടുകൾ വരികയും ചെയ്യുന്ന സാഹചര്യത്തിൽ പൂർത്തിയാക്കുക എന്നത് സാധ്യമല്ലെന്നും ഓരോതവണയും അനുമതിക്കായി നഗരസഭ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ഐഒഎജിഎൽ ജനറൽ മാനേജർ അജയ് പിള്ള പറഞ്ഞു.

കേരളത്തിലാദ്യമായി ഗാർഹികാവശ്യത്തിനുള്ള പൈപ്പുലൈൻ പ്രകൃതിവാതകം (പിഎൻജി) പദ്ധതി 2016 ഫെബ്രുവരിയിൽ 14-ാംവാർഡിലാണ് തുടക്കമിട്ടത്. കൂടാതെ 6, 10, 12, 13, 20 വാർഡുകൾക്കും ആദ്യഘട്ടത്തിൽ അനുമതി നൽകി. ഈ വാർഡുകളിൽ ഒന്നാംഘട്ടത്തിലെ ആവശ്യക്കാർക്ക് കണക്ഷൻ നൽകിക്കഴിഞ്ഞിട്ടുണ്ട്.

14-ാം വാർഡിൽമാത്രം മൂന്ന് കിലോമീറ്ററോളം പൈപ്പുലൈൻ സ്ഥാപിച്ച് കണക്ഷൻ നൽകിയതായി കൗൺസിലർ കെ കെ ശശി പറഞ്ഞു. അടുത്തതായി, അഞ്ച് വാർഡുകളിൽ കണക്ഷൻ ആവശ്യപ്പെട്ടവരുടെ വീടുകളിൽ ഉപകരണങ്ങൾ സ്ഥാപിച്ചെങ്കിലും റോഡ് വെട്ടിമുറിച്ച് ലൈൻ വലിക്കാൻ നഗരസഭ അനുമതി നൽകിയിട്ടില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണമാണ് ഭരണകക്ഷി അംഗങ്ങൾ പരസ്പരം ഉന്നയിച്ചിരുന്നത്.

പൈപ്പ് സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സംസ്ഥാന സർക്കാർ ലഘൂകരിച്ചിട്ടുണ്ട്. ഏജൻസിതന്നെ റോഡ് പുനഃസ്ഥാപിച്ച്‌ നൽകിയാൽ മതി. ഇതിൽ വീഴ്ചവരുത്തിയാൽ അവരുടെ ബാങ്ക് ഗ്യാരന്റിയിൽനിന്ന് നഗരസഭയ്‌ക്ക് തുക വസൂലാക്കാം. ഈ സാഹചര്യത്തിൽ അടിയന്തരമായി പാചകവാതക കണക്ഷൻ നൽകാൻ നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഹെന്നി ബേബി പറഞ്ഞു.

By Rathi N