Sun. Dec 22nd, 2024
തിരുവല്ല:

പൊടിയാടി-തിരുവല്ല റോഡിൻ്റെ നിർമാണം പൂർത്തിയാകുന്നതിനു മുൻപ് ആലപ്പുഴ-ചങ്ങനാശേരി റോഡ് നിർമാണവുമായി ബന്ധപ്പെട്ട് വാഹനങ്ങൾ വഴി തിരിച്ചുവിട്ടത് ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന് ആശങ്ക. എസി റോഡ് വഴി പോകേണ്ട വലിയ വാഹനങ്ങളും ചരക്കുവാഹനങ്ങളുമാണ് അമ്പലപ്പുഴ-തിരുവല്ല റോഡ് വഴി തിരിച്ചുവിടുന്നത്.

അമ്പലപ്പുഴ-തിരുവല്ല റോഡിൽ പൊടിയാടി മുതൽ തിരുവല്ല വരെയുള്ള ഭാഗത്തെ നിർമാണം നടന്നുവരികയാണ്. 5 കിലോമീറ്റർ ദൂരമുള്ള റോഡിലെ 7 കലുങ്കുകളുടെ പണി പൂർത്തിയായി. റോഡിന്റെ ഇരുവശത്തും ഓടയുടെ പണിയാണ് ഇപ്പോൾ നടക്കുന്നത്.

റോഡുപണി തുടങ്ങിയപ്പോൾ മുതൽ പൊടിയാടി മുതൽ ഗതാഗതം പെരിങ്ങര വഴി തിരിച്ചുവിട്ടിരിക്കുകയാണ്. തിരുവല്ല മുതൽ പൊടിയാടി വരെ ഒരു വശത്തേക്കു മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്. ഈ വഴിയിലേക്ക് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതത്തിരക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന ആശങ്കയും അധികൃതർക്കുണ്ട്.

റോഡ് നിർമാണവും തീരുമാനങ്ങളും ആലപ്പുഴ ജില്ലയിലാണ്. എന്നാൽ വാഹനങ്ങൾ എത്തുമ്പോൾ തിരുവല്ല, പൊടിയാടി, പുളിക്കീഴ് ഭാഗത്തുള്ള പൊലീസ്, റവന്യു അധികൃതരെ അറിയിക്കാറില്ലെന്ന പരാതിയുമുണ്ട്.

അമ്പലപ്പുഴ-തിരുവല്ല പാതയ്ക്കു പുറമേ ചങ്ങനാശേരിയിൽ നിന്ന് പെരുന്ന-മുത്തൂർ-കാവുംഭാഗം-പൊടിയാടി-ചക്കുളത്തുകാവ് വഴിയും ഗതാഗതം തിരിച്ചു വിടുന്നുണ്ട്. ഇതോടെ രണ്ടു ഭാഗത്തു നിന്നുമുള്ള വാഹനങ്ങളാണ് കാവുംഭാഗം, പൊടിയാടി ഭാഗത്തേക്ക് എത്തുന്നത്. അമ്പലപ്പുഴയിൽ നിന്നു വരുന്ന ചെങ്ങന്നൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പൊടിയാടിയിൽ നിന്നു കടപ്ര, മാന്നാർ വഴി പോകാൻ കഴിയും.

ഇവ വഴിതിരിച്ചുവിടാൻ ആളില്ല. പൊടിയാടിയിൽ നിന്നു പെരിങ്ങര വഴിയുള്ള റോഡ് വലിയ വാഹനങ്ങൾക്ക് പോകാനുള്ള വീതിയില്ലാത്തതാണ്. ഇവിടെ പലപ്പോഴും ഗതാഗത തടസ്സം ഉണ്ടാകാറുണ്ട്.

By Divya