ബുധനൂർ:
പശുക്കൾക്കു കുളമ്പു രോഗബാധയുണ്ടായ സ്ഥലങ്ങളിൽ ജില്ലാ വെറ്ററിനറി ഓഫിസർ എസ്ജെ ലേഖ, ഡപ്യൂട്ടി വെറ്ററിനറി ഓഫിസർ ഡോ കൃഷ്ണകിഷോർ എന്നിവരടങ്ങുന്ന സംഘത്തിന്റെ സന്ദർശനം. അടിയന്തരമായി മരുന്നുകൾ ലഭ്യമാക്കാൻ ബുധനൂർ വെറ്ററിനറി ഓഫിസറോട് നിർദേശിച്ചു. ബുധനൂർ കടമ്പൂർ മാലിത്തറയിൽ ശ്രീനിവാസൻ, കടമ്പൂർ കൊപ്പാറയിൽ രമണിക്കുട്ടിയമ്മ എന്നിവരുടെ പശുക്കൾക്കാണ് രോഗബാധ ഏറെയും.
രോഗബാധയുണ്ടായ 150 പശുക്കളിൽ പത്തെണ്ണം ചത്തു.മൂന്നു മാസം മുൻപ് ജില്ലയിലെ ആര്യാട് പഞ്ചായത്ത്, കുട്ടനാട് താലൂക്ക്, അമ്പലപ്പുഴ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ രോഗബാധ വ്യാപകമായിരുന്നു.
അതിന്റെ തുടർച്ചയായിട്ടാണ് ബുധനൂരിലെ രോഗബാധയെന്നാണ് വെറ്ററിനറി വകുപ്പിന്റെ വിലയിരുത്തൽ. രോഗപ്രതിരോധത്തിന്റെ ഭാഗമായി രണ്ടാംഘട്ട വാക്സിനേഷൻ നടപടികൾ ഊർജിതമാക്കുമെന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ പറഞ്ഞു.