തൃശൂർ:
കൊവിഡ് വ്യാപനത്തെത്തുടർന്ന് നിർത്തിവെച്ച പൂരം പ്രദർശനത്തിന് ചെലവായ ലക്ഷങ്ങൾ കരാറുകാർക്ക് ഇനിയും കൊടുത്തില്ല. അഴിച്ചുനീക്കാൻ പോലും പണമില്ലാത്തതിനാൽ എക്സിബിഷൻ പ്രവേശന കവാടം പോലും ഇപ്പോഴും നീക്കിയിട്ടില്ല. മൂന്നുമാസം പിന്നിട്ടിട്ടും പണം അനുവദിക്കാത്തതിനെത്തുടർന്ന് നിരവധി തവണ എക്സിബിഷൻ കമ്മിറ്റി അംഗങ്ങളെയും ദേവസ്വം ഭാരവാഹികളെയും മാറിമാറി വിളിച്ച് നാളുകൾ നീക്കുകയാണ് എക്സിബിഷൻ നിർമാണ പ്രവർത്തനത്തിലേർപ്പെട്ട കൂലിക്കരാറുകാർ ഉൾപ്പെടെ ഉള്ളവർ.
കൊവിഡ് വ്യാപനത്തിൽ പൂരം നടക്കുമോ എന്ന ആശങ്കക്കിടയിലാണ് തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യപ്പെട്ടത്. രണ്ടാഴ്ച പിന്നിട്ടപ്പോൾ ഏപ്രിൽ 19ന് പൂരം പ്രദർശന നഗരിയിൽ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജനം അകന്നുനിന്ന പ്രദർശന കാലമായിരുന്നതിനാൽ കാര്യമായ വരുമാനവും കിട്ടിയിട്ടില്ല.
പ്രവേശനകവാടം, ലൈറ്റ് ആൻഡ് സൗണ്ട്, പന്തൽ വർക്ക്, സ്റ്റാൾ, കൂലിപ്പണി കരാർ തുടങ്ങിയവർക്കാണ് ഇനിയും പണം കൊടുത്തുതീർക്കാനുള്ളത്. ഈ ചെലവിനത്തിൽ ഏകദേശം 60 ലക്ഷത്തിലധികം രൂപ കൊടുത്തുതീർക്കാനുണ്ടെന്നാണ് അറിയുന്നത്. ഇവരിൽ ചിലർക്ക് ചെറിയ തുക മാത്രമാണ് ലഭിച്ചത്.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ പട്ടിണിയിലാണ് ഇവരിൽ പല കരാറുകാരും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അംഗങ്ങൾക്ക് പ്രാതിനിധ്യമുള്ള അഡ്ഹോക് കമ്മിറ്റി രൂപവത്കരിച്ചാണ് കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. ദേവസ്വങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലായതാണ് തിരിച്ചടവ് വൈകിച്ചത്.
അതേസമയം, തുക കൊടുത്തുതീർക്കാനുള്ള ചർച്ചകൾ നടന്നുവരുന്നുണ്ടെന്നും രണ്ടാഴ്ചക്കകം പണം കൊടുത്തുതീർക്കാൻ ധാരണയായിട്ടുണ്ടെന്നും തൃശൂർ പൂരം പ്രദർശന കമ്മിറ്റി സെക്രട്ടറി രാമു പറഞ്ഞു.