Wed. Jan 22nd, 2025

തൃശൂർ:

വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സൗകര്യങ്ങളൊരുക്കി കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ്‌ റീഹാബിലിറ്റേഷൻ സെന്റർ (നിപ്‌മർ). 64 ലക്ഷം രൂപ ചെലവിൽ ഇന്ത്യയിലേതന്നെ
ആദ്യത്തേതും മികച്ചതുമായ വെർച്വൽ റിയാലിറ്റി റീഹാബിലിറ്റേഷൻ സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്‌. മൾട്ടി മോഡൽ സെൻസറി ഇൻഫർമേഷന്റെ സഹായത്തോടെ കൂടുതൽ കായിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തിഗത ഇടപെടൽ വർധിപ്പിക്കാനുമാവും.

സ്‌പൈനൽ കോഡ് ഇഞ്ചുറി, സെറിബ്രൽ പാൾസി തുടങ്ങിയവയുള്ളവരെ നടത്തം പരിശീലിപ്പിക്കുന്നതിന് ഇത്‌‌ സഹായിക്കും. നാഡീസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ 1.03 കോടി ചെലവിൽ അഡ്വാൻസ് ന്യൂറോ ഫിസിയോതെറാപ്പി യൂണിറ്റ്, നടത്തവും കൈകളുമായി ബന്ധപ്പെട്ട ചലനങ്ങളെ യന്ത്രത്തിന്റെ സഹായത്തോടെ നിരീക്ഷിക്കുന്നതിന്‌ 72 ലക്ഷം രൂപ ചെലവിൽ ഇൻസ്‌ട്രുമെന്റ് ഗെയ്റ്റ് ആൻഡ്‌ മോഷൻ അനാലിസിസ് ലാബ് എന്നിവയും ആരംഭിച്ചിട്ടുണ്ട്‌.

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഎംജി ഇലക്ട്രോഡുകൾ സ്ഥാപിച്ച് വ്യക്തിയുടെ ചലനങ്ങൾ പഠിച്ച്‌ പ്രത്യേക തെറാപ്പി ആരംഭിക്കുന്നതിന് മുമ്പ്‌ ഗെയ്റ്റ് അനാലിസിസ് നടത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. സെറിബ്രൽ പാൾസി ബാധിതരുടെ ചലനം വിലയിരുത്താനുള്ള മാർഗമാണ് ഗേറ്റ് അനാലിസിസ്. ചലന പ്രശ്നങ്ങൾ നേരിടുന്നവർക്ക് അനുയോജ്യമായ രീതിയിൽ വീൽ ട്രാൻസ് സൗകര്യവുമുണ്ട്‌.

ഒരേ സമയം മുതിർന്നവർക്കുള്ള ആറ് സ്റ്റാൻഡേർഡ് വീൽചെയറുകൾ വരെ ഉൾക്കൊള്ളാൻ കഴിയുന്ന ആംബുലൻസാണുള്ളത്. വീൽ ചെയറിൽ ഇരിക്കുന്ന വ്യക്തിയെ ഹൈഡ്രോളിക്ക് ലിഫ്റ്റിന്റെ സഹായത്തോടെ വാഹനത്തിൽ കയറ്റാനും ഇറക്കാനും സാധിക്കും. ഭിന്നശേഷിക്കാരുടെ ചിത്രരചന, കരകൗശല നിർമാണം എന്നിവ വളർത്തുന്നതിനായി പോട്ടറി ആൻഡ്‌ സിറാമിക് യൂണിറ്റും ആരംഭിച്ചിട്ടുണ്ട്.

By Rathi N