തൃശ്ശൂര്‍:
കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് വായ്‌പ എടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. എം മുകുന്ദൻ ആണ് ആത്മഹത്യ ചെയ്തത്. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്തിരുന്ന ഇയാള്‍ക്ക് ഇന്നലെ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.
അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര തട്ടിപ്പാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറ് കോടിയിൽ ഒതുങ്ങുന്നതല്ല ബാങ്കില്‍ നടന്ന തട്ടിപ്പെന്ന് സഹകരണ ജോയിന്‍റ് റജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട്. വായ്പ നൽകിയ ഈടിൻ മേൽ വീണ്ടും വായ്പ നൽകിയും, വസ്‌തുവിന്റെ ഉടമ അറിയാതെ മറ്റൊരാൾക്ക് വായ്പ നൽകിയും, വായ്പാ പരിധി ലംഘിച്ചുമെല്ലാമാണ് നൂറ് കോടിയിലേറെ രൂപ തട്ടിയത്.
ബാങ്കിന്റെ കീഴിലുള്ള സൂപ്പർ മാർക്കറ്റുകളുടെ വരവ് ചെലവ് കണക്കുകളിലും ക്രമക്കേടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.