പാലക്കാട്:
ഒളിംപിക് അസോസിയേഷന്റെ സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ ജിം ഷൊർണൂർ ഭാരതപ്പുഴയുടെ തീരത്ത് ഒരുങ്ങി. ജില്ലയിലെ പ്രഭാത, സായാഹ്ന സവാരിക്കാരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനായി ജില്ലാ ഒളിംപിക് അസോസിയേഷൻ തയാറാക്കിയ ഒളിംപിക് വേവ് പദ്ധതി പ്രകാരമാണു ജിം ഒരുക്കിയത്.
സാധാരണക്കാർക്കു കായിക, ആരോഗ്യ ക്ഷമത ഉറപ്പാക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.ഷൊർണൂർ നഗരസഭ ഭാരതപ്പുഴ കൊച്ചിൻ പാലത്തിനു സമീപം നൽകിയ 4 സെന്റ് ഭൂമിയിലാണ് ഓപ്പൺ ജിം ഒരുക്കിയത്. അഞ്ചു ലക്ഷം രൂപ ചെലവിൽ വാക്കർ, സൈക്ലിങ് തുടങ്ങി 8 ഉപകരണങ്ങളും സ്ഥാപിച്ചു.
ഒരേ സമയം 12 പേർക്ക് ഉപയോഗിക്കാൻ പറ്റും.നിർമാണം പൂർത്തിയായെങ്കിലും കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നു ജനങ്ങൾക്കു തുറന്നു കൊടുത്തിട്ടില്ല. നിയന്ത്രണത്തിൽ ഇളവു വരുത്തുന്നതോടെ ജിം കായിക മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തുമെന്ന് ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി രാജേഷ് പറഞ്ഞു.