Sun. Dec 22nd, 2024

കൊച്ചി:

കൊച്ചിയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേക മെഡിക്കല്‍ സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുക. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി റെനെ മെഡിസിറ്റിയില്‍ നിന്നും പൊലീസും സാമൂഹ്യനീതി വകുപ്പ് അധികൃതരും വിവരങ്ങള്‍ ശേഖരിക്കും.

കഴിഞ്ഞ ദിവസമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആയിരുന്ന അനന്യ കുമാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയെ തുടര്‍ന്ന് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. അതേസമയം, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വാദം.

അനന്യയുടെ ആത്മഹത്യയില്‍ ഒന്നാം പ്രതി സര്‍ക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആരോപിച്ചിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് കൃത്യമായ മാനദണ്ഡവും സുരക്ഷയുമൊരുക്കാത്ത സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയത്തിന്റെ അനന്തരഫലമാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.

അരികുവല്‍ക്കരിക്കപ്പെട്ട മനുഷ്യര്‍ക്ക് നല്‍കേണ്ട പ്രത്യേക പരിഗണന പോയിട്ട് മനുഷ്യത്വപൂര്‍ണ്ണമായ സമീപനം പോലും ഒരുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ജനാധിപത്യ സമൂഹം എന്ന നിലയില്‍ നമുക്ക് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും അനന്യക്ക് ആദരാഞ്ജലി നേര്‍ന്നുകൊണ്ട് കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

By Rathi N