Sun. Dec 22nd, 2024

മാവേലിക്കര:

ജില്ലാ ആശുപത്രിയിൽ ഓക്സിജൻ സംവിധാനമുള്ള കിടക്കകൾ ഒരുക്കുന്നതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. പരീക്ഷണാർഥം പൈപ്പുകളിലൂടെ ഓക്സിജൻ പ്രവഹിപ്പിച്ചു തുടങ്ങി. ഒരേസമയം പരമാവധി 88 രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന വിധം സർജറി ബ്ലോക്കിലെ ബഹുനില മന്ദിരം, മെഡിക്കൽ വാർഡ് എന്നിവിടങ്ങളിലാണ് വാർഡുകൾ ക്രമീകരിക്കുന്നത്.

ഇതിൽ തീവ്രപരിചരണ കിടക്കകളും ഓക്സിജൻ സംവിധാനമുള്ള കിടക്കകളുമാണുള്ളത്. ആദ്യഘട്ടമായി സർജറി ബ്ലോക്കിലെ 3 നിലകളിലായി 58 കിടക്കകളുടെ ഭാഗത്തേക്കായി ഓക്സിജൻ എത്തിക്കുന്നതിനു പൈപ്പ് സ്ഥാപിച്ചു. ചോർച്ച പരിശോധിക്കാനായി പൈപ്പുകളിൽ ഓക്സിജൻ നിറച്ചിരിക്കുകയാണ്.

ഏതാനും ദിവസത്തിനു ശേഷം റീഡിങ് പരിശോധിച്ചു ചോർച്ച ഇല്ലെന്നു ഉറപ്പാക്കിയ ശേഷമേ ഔദ്യോഗിക ഉപയോഗത്തിനായി കൈമാറുകയുള്ളൂ. 30 കിടക്കകൾ ക്രമീകരിച്ചിരിക്കുന്ന മെഡിക്കൽ വാർഡ് കെട്ടിടത്തിലേക്ക് ഓക്സിജൻ എത്തിക്കുന്നതിനായി ഭൂഗർഭ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതും പൂർത്തിയായാൽ അത്യാവശ്യ സാഹചര്യത്തിൽ ഓക്സിജൻ കിടക്കകൾ ക്രമീകരിക്കുന്നതിനു തടസം ഉണ്ടാകില്ലെന്നു സൂപ്രണ്ട് ഡോ കെഎ ജിതേഷ് പറഞ്ഞു.

മുൻ എംഎൽഎ ആർ രാജേഷ് അനുവദിച്ച ഫണ്ട് വിനിയോഗിച്ചു 19 കിടക്കകൾക്ക് ഓക്സിജൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ കിടക്കകളുടെ എണ്ണക്കുറവ് ചൂണ്ടിക്കാട്ടി എംഎസ് അരുൺകുമാർ എംഎൽഎ കലക്ടർ ഉൾപ്പെടെ ഉള്ളവരെ കണ്ട് പരാതി അറിയിച്ചിരുന്നു. ഓക്സിജൻ സൗകര്യമുള്ള കിടക്കകളുടെ ക്രമീകരണത്തിനായി ജില്ലാ പഞ്ചായത്ത് 14 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.

By Rathi N