പത്തനംതിട്ട:
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആറന്മുള തിരുവോണത്തോണി വരവേല്പ്, ഉത്രട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാര അനുഷ്ഠാനങ്ങള്‍ക്ക് അനുസരിച്ച് നടത്തും. മന്ത്രി വീണാ ജോര്‍ജിൻെറ അധ്യക്ഷതയില്‍ കലക്ടര്‍ ഡോ ദിവ്യ എസ്അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
ആചാര അനുഷ്ഠാനങ്ങളില്‍ പങ്കുചേരുന്നവര്‍ കുറഞ്ഞത് ഒരുഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുമ്പായി കോവിഡ് ആര്‍ടി പി സി ആര് ടെസ്റ്റ്നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിലവിലെ പള്ളിയോട സേവാസംഘം ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പുതിയ ഭരണസമിതിക്കായുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് ഒന്നിന് നടത്താന്‍ കലക്ടര്‍ അനുമതി നല്കി.
തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്ന മൂന്ന് മേഖലകളില്‍നിന്നുള്ള ഓരോ പള്ളിയോടങ്ങളിലെയും 40പേരെ മാത്രം ഉള്‍പ്പെടുത്തി ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരുന്നതിന് തീരുമാനിച്ചു. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനായി മൂന്ന് പള്ളിയോടങ്ങള്‍ക്കും അനുമതി നല്കി. ഉത്രട്ടാതി ജലോത്സവം പ്രതീതാത്മകമായ രീതിയില്‍ മൂന്ന് പള്ളിയോടങ്ങളെ ഉള്‍ക്കൊള്ളിച്ച് ജലഘോഷയാത്രയായി നടത്തും.
ചടങ്ങുകള്‍ നടത്തുമ്പോള്‍ പൊതുജനങ്ങളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തണം. വള്ളസദ്യ പരിമിതമായ ചടങ്ങുകളോടുകൂടി നടത്തുന്നത് സംബന്ധിച്ച് ആ ദിവസങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കാനും യോഗം തീരുമാനിച്ചു.