Mon. Dec 23rd, 2024
വൈക്കം:

പുതിയ ബോട്ട് ജെട്ടിയുടെ പ്രവേശന കവാടത്തിൽ നിൽക്കുന്ന തണൽമരം യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ഇറിഗേഷൻ വകുപ്പിൻ്റെ പുരയിടത്തിൽ നിൽക്കുന്ന മരമാണ് റോഡിലേക്ക് ചരിഞ്ഞ് അപകട ഭീഷണിയാകുന്നത്. മരം ചരിഞ്ഞതോടെ പുരയിടത്തിന്റെ മതിലും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.

മരത്തിൻ്റെ ചില്ലകൾ വൈദ്യുതി കമ്പിയിൽ മുട്ടി നിൽക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി ബോട്ട് സർവീസ് പൂർവസ്ഥിതിയിൽ ആയതോടെ ഇതിനു ചുവട്ടിൽ പലപ്പോഴും ഒട്ടേറെ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്.

മരം മുറിച്ചു മാറ്റുകയോ, ശിഖരങ്ങൾ മുറിച്ച് മേൽ ഭാരം കുറയ്ക്കുകയോ ചെയ്തില്ലെങ്കിൽ കാറ്റും മഴയും ശക്തമായാൽ കടപുഴകി റോഡിലേക്ക് വീണ് വൻ ദുരന്തത്തിന് കാരണമാകും. അപകട ഭീഷണിയിലുള്ള മരം മുറിച്ചു മാറ്റാൻ ഇറിഗേഷൻ വകുപ്പ് അധികൃതർക്ക് പല തവണ പരാതി നൽകിയെങ്കിലും നടപടിസ്വീകരിച്ചില്ലെന്ന് യാത്രക്കാരും, ജലഗതാഗത വകുപ്പ് ജീവനക്കാരും ആരോപിച്ചു. അടിയന്തരമായി മരം മുറിച്ചു മാറ്റി അപകടഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

By Divya